കൊല്ലത്ത് തട്ടുകടയിൽ ചമ്മന്തി നൽകാത്തതിനെ തുടർന്ന് അക്രമം നടത്തിയ കേസിലെ പ്രതിയെ കാപ്പ നിയമപ്രകാരം പൊലീസ് അറസ്റ്റ് ചെയ്തു. മുഖത്തല പാങ്കോണം സ്വദേശി അജ്മൽ, 36, ആണ് അറസ്റ്റിലായത്.
ഗുണ്ടാവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി നടപ്പിലാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’ നടപടിക്കിടെയാണ് പ്രതിയെ പിടികൂടിയത്. ചാത്തന്നൂർ എ.സി.പി.യുടെ നിർദേശപ്രകാരം കൊട്ടിയം പൊലീസാണ് അജ്മലിനെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തത്.
അക്രമക്കേസുകൾക്ക് പുറമെ മയക്കുമരുന്ന് കേസുകളിലും പ്രതിയായ അജ്മലിനെതിരെ നാല് ക്രിമിനൽ കേസുകൾ നിലവിലുണ്ട്. കണ്ണനല്ലൂരിലെ തട്ടുകടയിൽ ചമ്മന്തി ലഭിക്കാത്തതിനെ തുടർന്ന് അക്രമം നടത്തിയ സംഭവവും ഇതിൽ ഉൾപ്പെടുന്നു.
വിവിധ കേസുകളിലായി അഞ്ച് തവണ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.




