മലപ്പുറം: വൈദ്യുതി മോഷ്ടിച്ചു ജലസേചനം നടത്തിയായാള്‍ പിടിയിലായി. കക്കിടിപ്പുറം മൂര്‍ക്കത്തേതില്‍ സജീവനാണ് (55) പിടിയിലായത്. ചങ്ങരംകുളം കക്കിടിപ്പുറത്താണ് അനധികൃതമായി വൈദ്യുതി ഉപയോഗിച്ച് ജലസേചനം നടത്തിയത്. വയലില്‍ കൃഷിക്ക് വെള്ളം പമ്പ് ചെയ്യാന്‍ സമീപത്തു കൂടെ പോകുന്ന വൈദ്യുതി കമ്പിയില്‍നിന്ന് കമ്പി കൊളുത്തി വൈദ്യുതി എടുക്കുകയാണ് ഇയാള്‍ ചെയ്തിരുന്നത്. ഇത് ശ്രദ്ധയില്‍ പെട്ട നാട്ടുകാര്‍ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.
ഇതേ തുടര്‍ന്ന് ചങ്ങരംകുളം പൊലീസ്, ചങ്ങരംകുളം കെ.എസ്.ഇ.ബി അധികൃതര്‍ എന്നിവരുടെ ഇടപെടലിലൂടെ മലപ്പുറം വിജിലന്‍സ് സംഘം സ്ഥലം സന്ദര്‍ശിക്കുകയും വൈദ്യുതി മോഷണം ബോധ്യപ്പെടുകയും ചെയ്തു. ഇതേ തുടര്‍ന്ന് ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ജലസേചനത്തിന് ഉപയോഗിച്ച പമ്പ്‌സെറ്റും പിടിച്ചെടുത്തിട്ടുണ്ട്. ഇയാള്‍ക്ക് പിഴ ചുമത്തിയതായി വിജിലന്‍സ് പറഞ്ഞു.