സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയ കൂട്ടുകെട്ടുകൾ ലക്ഷ്യമിട്ടുള്ള നീക്കങ്ങളുമായി പി.വി. അൻവർ എം.എൽ.എ. പയ്യന്നൂരിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി വി. കുഞ്ഞികൃഷ്ണനുമായി അൻവർ കൂടിക്കാഴ്ച നടത്തി. കുഞ്ഞികൃഷ്ണന്റെ വീട്ടിലെത്തിയായിരുന്നു സന്ദർശനം. പിണറായിസത്തിനും ഏകാധിപത്യത്തിനുമെതിരായ പോരാട്ടത്തിന് ധാർമിക പിന്തുണ നൽകാനാണ് താൻ എത്തിയതെന്ന് അൻവർ പ്രതികരിച്ചു.
പയ്യന്നൂരിൽ സി.പി.എം വിട്ടുപുറത്തുവന്ന് യുഡിഎഫ് സ്വതന്ത്രനായി മത്സരിച്ച വി. കുഞ്ഞികൃഷ്ണന്റെ വസതിയിൽ ശനിയാഴ്ച രാവിലെയാണ് പി.വി. അൻവർ എത്തിയത്. അരമണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയിൽ രാഷ്ട്രീയ സാഹചര്യങ്ങൾ ചർച്ചയായി. സന്ദർശനം വ്യക്തിപരമാണെന്ന് വിശേഷിപ്പിച്ച അൻവർ, സമാനമായ രാഷ്ട്രീയ നിലപാടുള്ളവർ ഒന്നിച്ചുനിൽക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു.
അതേസമയം, ഇടത് വിമതരെയും സ്വതന്ത്ര നിലപാടുള്ളവരെയും കോർത്തിണക്കി പുതിയൊരു രാഷ്ട്രീയ നീക്കത്തിനാണ് അൻവർ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി തളിപ്പറമ്പിലെ യുഡിഎഫ് സ്ഥാനാർത്ഥി ടി.കെ. ഗോവിന്ദനെയും കാണുമെന്ന് അൻവർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ അൻവറിനെ കാണാൻ താൽപ്പര്യമില്ലെന്ന് അറിയിച്ച് ടി.കെ. ഗോവിന്ദൻ ഈ നീക്കത്തിൽ നിന്ന് പിന്മാറി. സി.പി.എം കോട്ടകളിൽ വിള്ളലുണ്ടാക്കാൻ ശ്രമിക്കുന്ന അൻവറിന്റെ സന്ദർശനം വരും ദിവസങ്ങളിൽ രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിതുറക്കും.




