ചെന്നൈ: ഗായിക വാണി ജയറാം അന്തരിച്ചു. ചെന്നൈയിലെ വസതിയില്‍ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. 78 വയസ്സായിരുന്നു. മികച്ച ഗായികക്കുള്ള ദേശീയ പുരസ്‌കാരം മൂന്ന് തവണ ലഭിച്ചു. മലയാളം, തമിഴ്, ഹിന്ദി, മറാത്തി, തെലുങ്ക്, ബംഗാളി, കന്നഡ, ഗുജറാത്തി തുടങ്ങിയ ഇരുപതോളം ഇന്ത്യന്‍ ഭാഷകളില്‍ പതിനായിരത്തിലേറെ പാടി. തമിഴ്‌നാട്ടിലെ വെല്ലുരിലായിരുന്നു ജനനം.
കടലൂർ ശ്രീനിവാസ അയ്യങ്കാർ, ടി.ആർ. ബാലസുബ്രഹ്മണ്യൻ, ആർ.എസ്. മണി എന്നിവരായിരുന്നു കർണാടക സംഗീതത്തിലെ വാണിയുടെ ഗുരുക്കന്മാർ. ഉസ്താദ് അബ്ദുൽ റഹ്മാൻ ഖാനിൽ നിന്നാണ് ഹിന്ദുസ്ഥാനി സംഗീതം പഠിച്ചത്. 1971-ൽ വസന്ത് ദേശായിയുടെ സംഗീതത്തിൽ ‘ഗുഡ്ഡി’ എന്ന ചിത്രത്തിലെ ‘ബോലേ രേ പപ്പി’ എന്ന ഗാനത്തിലൂടെ അവര്‍ സംഗീത ആസ്വാദകര്‍ക്ക് ഇടയിൽ പ്രശസ്തയായി. ഗുഡ്ഡിയിലെ ഗാനത്തിനു അഞ്ച് അവാർഡുകൾ അവര്‍ നേടി.
‘സ്വപ്നം’ എന്ന ചിത്രത്തിലൂടെ സലിൽ ചൗധരിയാണ് വാണി ജയറാമിനെ മലയാളത്തിലേക്ക് കൊണ്ടുവരുന്നത്. ഏതോ ജന്മകൽപനയിൽ, വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി, ഓലഞ്ഞാലിക്കുരുവി, തിരയും തീരവും എന്നിവയെല്ലാം അവരുടെ ഹിറ്റ് ഗാനങ്ങളാണ്.