തിരുവനന്തപുരം: തലസ്ഥാനത്ത് അഞ്ചുവയസുകാരിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ 78-കാരൻ അറസ്റ്റിൽ. വട്ടിയൂർക്കാവ് കാഞ്ഞിരംപാറ സ്വദേശി വിജയനെയാണ് പൊലീസ് പിടികൂടിയത്.
പേയാട് ഭാഗത്തെ ധനകാര്യ സ്ഥാപനത്തിൽ അമ്മയോടൊപ്പം എത്തിയ അഞ്ചുവയസുകാരിക്കുനേരെയാണ് പ്രതി ലൈംഗികാതിക്രമം നടത്തിയത്. സംഭവത്തിനുശേഷം സ്ഥലത്തുനിന്ന് കടന്നുകളഞ്ഞ പ്രതിയെക്കുറിച്ച് പൊലീസിന് പ്രാഥമിക വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല.
തുടർന്ന് പോക്സോ നിയമപ്രകാരം കേസെടുത്ത പൊലീസ്, ബാങ്കിലെയും സമീപ പ്രദേശങ്ങളിലെയും 150-ഓളം സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
തിരുവനന്തപുരം റൂറൽ എസ്.പി. പ്രശാന്തൻ കാണിയുടെ നിർദേശപ്രകാരം കാട്ടാക്കട ഡിവൈ.എസ്.പി. ബിനുവിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ മലയിൻകീഴ് സി.ഐ. ഉമേഷ്, വിളപ്പിൽശാല എസ്.എച്ച്.ഒ. അനീഷ് കുമാർ, എസ്.ഐ. ബൈജു എന്നിവരടങ്ങിയ പൊലീസ് സംഘം പിടികൂടി.
സി.പി.ഒമാരായ പ്രവീൺ, സജിത്ത്, അനീഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.




