തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ശുചിമുറിയിൽ ചികിത്സയിലിരുന്ന രോഗിയെ മരിച്ച നിലയിൽ കണ്ടെത്തിയത് 36 മണിക്കൂറോളം കഴിഞ്ഞ്. ഈ മാസം 16ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച 77കാരനായ മാക്കുട്ടി റാവുത്തറെയാണ് മെഡിസിൻ വാർഡിനോട് ചേർന്നുള്ള ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
വ്യാഴാഴ്ച മുതൽ രോഗിയെ കാണാനില്ലായിരുന്നു. തുടർന്ന് ആശുപത്രി അധികൃതർ പൊലീസിൽ പരാതി നൽകി. ശനിയാഴ്ച നടത്തിയ പരിശോധനയിലാണ് ശുചിമുറിയിൽ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് മരണം സംഭവിച്ച് ഏകദേശം 36 മണിക്കൂർ കഴിഞ്ഞിരുന്നതായി വ്യക്തമായത്.
അതേസമയം, മൃതദേഹം കണ്ടെത്തുന്നതിന്റെ തലേദിവസവും ശുചിമുറി വൃത്തിയാക്കിയിരുന്നുവെന്നാണ് ആശുപത്രി സൂപ്രണ്ടിന്റെ വിശദീകരണം. രോഗിക്ക് കൂട്ടിരിപ്പുകാരില്ലായിരുന്നുവെന്നും അജ്ഞാത രോഗിയായാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും അധികൃതർ അറിയിച്ചു.
രോഗിയെ കാണാതായതുമുതൽ മൃതദേഹം കണ്ടെത്തുന്നതുവരെ ശുചിമുറി വൃത്തിയാക്കിയിരുന്നോ എന്നതടക്കമുള്ള ചോദ്യങ്ങൾ ഉയരുന്നുണ്ട്. സംഭവത്തിൽ ആശുപത്രിയിലെ ശുചിത്വ പരിപാലനത്തിലും നിരീക്ഷണ സംവിധാനത്തിലും വീഴ്ചയുണ്ടായോ എന്ന ആശങ്കയും ശക്തമാകുകയാണ്.




