പാലക്കാട്: തൃത്താലയിൽ ക്ലാസ് മുറിക്കുള്ളിൽ സഹപാഠിക്ക് നേരെ വിദ്യാർഥി വെടിയുതിർത്ത സംഭവത്തിൽ ഉപയോഗിച്ചത് മുത്തച്ഛന്റെ തോക്കെന്ന് മൊഴി. പള്ളിപ്പുറം പരുതൂർ ഹയർ സെക്കൻഡറി സ്കൂളിലാണ് ഞെട്ടിക്കുന്ന സംഭവം. വെടിയേറ്റ വിദ്യാർഥിയുടെ ആരോഗ്യനില തൃപ്തികരമാണ്.
ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. നാടൻ തോക്കുപയോഗിച്ച് സഹപാഠിക്ക് നേരെ മൂന്ന് റൗണ്ട് വെടിയുതിർത്തതായാണ് പ്രാഥമിക വിവരം. ഇതിൽ രണ്ട് വെടിയുണ്ടകൾ ലക്ഷ്യം തെറ്റി. മൂന്നാമത്തെ വെടിയുണ്ട വിദ്യാർഥിയുടെ ശരീരത്തിൽ തറച്ചു. പരിക്കേറ്റ കുട്ടിയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്റർവെല്ലിന് ശേഷം ക്ലാസ് ആരംഭിച്ച സമയത്തായിരുന്നു വെടിവെപ്പ്. സംഭവസമയത്ത് അധ്യാപകർ ക്ലാസ് മുറിയിൽ ഉണ്ടായിരുന്നില്ല. വെടിയുണ്ട ശരീരത്തിൽ തറച്ചതിന്റെ എക്സ്-റേ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി പൊതുവിദ്യാഭ്യാസ ഡയറക്ടറോട് അടിയന്തര റിപ്പോർട്ട് തേടിയിട്ടുണ്ട്.




