തൃശൂർ: നാട്ടിക ടോൾ പ്ലാസയിൽ ടോൾ പിരിവ് ആരംഭിക്കാനുള്ള നീക്കത്തിനെതിരെ സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസുകളുടെ പണിമുടക്ക്. ടോൾ പ്ലാസയിലെ വിവിധ പാതകളിൽ ബസുകൾ നിർത്തിയിട്ടതോടെ ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മറ്റ് ബസുകളും സർവീസ് നിർത്തിയതോടെ യാത്രക്കാർ ദുരിതത്തിലായി.
തിങ്കളാഴ്ച രാവിലെ എട്ടുമണിയോടെയാണ് ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾ ടോൾ പ്ലാസയിൽ നിർത്തിയിട്ട് പ്രതിഷേധം ആരംഭിച്ചത്. സർവീസ് റോഡ് നിർമിക്കാതെ ടോൾ പിരിക്കാൻ അനുവദിക്കില്ലെന്നാണ് ബസുടമകളുടെ നിലപാട്. സർവീസ് റോഡിലൂടെ മാത്രമേ ലിമിറ്റഡ് സ്റ്റോപ്പ്, ഓർഡിനറി ബസുകൾക്ക് സർവീസ് നടത്താൻ അനുമതിയുള്ളൂ. എന്നാൽ നാട്ടിക ടോൾ പ്ലാസയിൽ സർവീസ് റോഡ് നിലവിലില്ല.
ദേശീയപാതയിലെ ആറുവരിപ്പാതയിലൂടെ കെ.എസ്.ആർ.ടി.സിയുടെ മിന്നൽ, ഡീലക്സ്, സൂപ്പർ ഫാസ്റ്റ് ബസുകൾക്കു മാത്രമാണ് സർവീസ് നടത്താൻ അനുമതിയുള്ളത്. അതേസമയം, 23-ാം തീയതി മുതൽ ടോൾ പിരിവ് ആരംഭിക്കുമെന്നും ഇതിന് മുന്നോടിയായി ബസുടമകളോട് ചർച്ചയ്ക്ക് എത്താൻ ആവശ്യപ്പെട്ടിരുന്നതായും ടോൾ കമ്പനി അധികൃതർ വ്യക്തമാക്കി.
തുടർന്ന് വലപ്പാട് സി.ഐ. പി.കെ. പത്മരാജന്റെ നേതൃത്വത്തിൽ ബസുടമകളുടെ പ്രതിനിധികളും ടോൾ പ്ലാസ അധികൃതരും ചർച്ച നടത്തി. ഒരാഴ്ചത്തേക്ക് ടോൾ പിരിവ് ഉണ്ടാകില്ലെന്നും ഇതിനുള്ളിൽ വിഷയത്തിൽ പരിഹാരം കണ്ടെത്താമെന്നും ധാരണയായി. ഇതോടെ രാവിലെ പതിനൊന്നുമണിയോടെ ബസുടമകൾ സമരം പിൻവലിച്ചു.




