വയനാട്: വീട്ടിൽ നിന്ന് അനധികൃത മദ്യം കണ്ടെത്തിയ കേസിൽ റിപ്പോർട്ടർ ടിവി മാനേജിങ് എഡിറ്റർ ആന്റോ അഗസ്റ്റിനെ 24 മണിക്കൂർ എക്സൈസ് കസ്റ്റഡിയിൽ വിട്ടു. സുൽത്താൻ ബത്തേരി മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. മദ്യത്തിന്റെ ഉറവിടം കണ്ടെത്താനും വിശദമായ അന്വേഷണം നടത്താനും പ്രതിയെ കസ്റ്റഡിയിൽ വേണമെന്ന എക്സൈസ് ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.
ആൽക്കഹോൾ അടങ്ങിയ പാനീയം എവിടെയാണ് നിർമിച്ചതെന്നും മദ്യം എവിടെനിന്ന് കൊണ്ടുവന്നുവെന്നും ഏത് മാർഗത്തിലൂടെയാണ് എത്തിച്ചതെന്നും അന്വേഷിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.
അതേസമയം, 43.85 ലിറ്റർ മദ്യം കൈവശം വെച്ചതിന് 5,000 രൂപ പിഴയും തടവും മാത്രമാണ് നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നതെന്നും, പിന്നെ എന്തിനാണ് പ്രതിയെ മാധ്യമങ്ങൾക്ക് മുന്നിലേക്ക് വലിച്ചിഴയ്ക്കുന്നതെന്നും പ്രതിഭാഗം ചോദിച്ചു. എന്നാൽ പ്രോസിക്യൂഷൻ വാദം അംഗീകരിച്ച കോടതി ആന്റോ അഗസ്റ്റിനെ എക്സൈസ് കസ്റ്റഡിയിൽ വിടുകയായിരുന്നു.
മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ ആന്റോ അഗസ്റ്റിൻ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഇടക്കാല ജാമ്യം ലഭിച്ചില്ല. ഹർജി ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കും.
തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും വീടിന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലി തർക്കങ്ങളുണ്ടെന്നും ആന്റോ അഗസ്റ്റിൻ ജാമ്യാപേക്ഷയിൽ ആരോപിച്ചിരുന്നു.
അതേസമയം, ആന്റോ അഗസ്റ്റിന്റെ വീട്ടിൽ എക്സൈസ് നടത്തിയ റെയ്ഡിൽ 138 കുപ്പികളിലായി സൂക്ഷിച്ചിരുന്ന 67 ലിറ്റർ മദ്യമാണ് പിടികൂടിയത്. പിടിച്ചെടുത്ത മദ്യത്തിൽ 12.75 ലിറ്റർ വ്യാജമദ്യമാണെന്നും എക്സൈസ് കോടതിയെ അറിയിച്ചു.




