വൈദ്യുതി വാങ്ങലുമായി ബന്ധപ്പെട്ട് സർക്കാർ പ്രഖ്യാപിച്ച സ്വകാര്യ കമ്പനിയായ ജിഎൻഎയ്ക്കെതിരെ ഗുരുതര ആരോപണങ്ങൾ. വിപണിയിലെ രഹസ്യവിവരങ്ങൾ ചോർത്തിയതുമായി ബന്ധപ്പെട്ട് കമ്പനിക്ക് സെബി പിഴ ചുമത്തിയതിന്റെ രേഖകൾ പുറത്തുവന്നതോടെയാണ് വിവാദം ശക്തമായത്. അനധികൃത ഇടപാടുകൾ നടത്തിയെന്നാരോപിച്ച് ജിഎൻഎയ്ക്കെതിരെ സെബിക്ക് പരാതിയും ലഭിച്ചിരുന്നു.
ഇന്ത്യൻ എനർജി എക്സ്ചേഞ്ച് ലിമിറ്റഡിലെ ഇടപാടുകളുമായി ബന്ധപ്പെട്ട് വിപണിയിലെ അതീവ രഹസ്യസ്വഭാവമുള്ള വിവരങ്ങൾ 2025-ൽ ചോർത്തി കമ്പനി വൻ ലാഭമുണ്ടാക്കിയെന്നാണ് ആരോപണം. സംഭവത്തിൽ സെബി നടത്തിയ പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തിയതായും തുടർന്ന് നടപടികൾ സ്വീകരിച്ചതായുമാണ് പുറത്തുവരുന്ന വിവരങ്ങൾ. ഇതിന് പുറമെ കേന്ദ്ര വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ അന്വേഷണവും കമ്പനിക്ക് നേരിടേണ്ടിവന്നിരുന്നു.
അതേസമയം, കെഎസ്ഇബിയെയും വൈദ്യുതി വകുപ്പിനെയും മറികടന്ന് സ്വകാര്യ കമ്പനിയിൽനിന്ന് വൈദ്യുതി വാങ്ങാനുള്ള സർക്കാർ നീക്കത്തിലും ദുരൂഹതയുണ്ടെന്നാണ് പ്രതിപക്ഷ ആരോപണം. അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിലുള്ള വൈദ്യുതി വാങ്ങൽ കരാറുകൾക്ക് ഇ-ടെൻഡറിങ് നിർബന്ധമാണെന്നിരിക്കെ, നടപടിക്രമങ്ങൾ പാലിക്കാതെ ജിഎൻഎയുമായി സർക്കാർ നീക്കങ്ങൾ നടത്തിയതിലും ചോദ്യങ്ങളുയരുകയാണ്.
വൈദ്യുതി വാങ്ങൽ സംബന്ധിച്ച മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നിൽ വലിയ അഴിമതിയുണ്ടെന്ന ആരോപണവുമായി സിപിഐഎമ്മും രംഗത്തെത്തിയിട്ടുണ്ട്. ജിഎൻഎയ്ക്കെതിരായ ആരോപണങ്ങളും സർക്കാർ സ്വീകരിച്ച നടപടികളും വരും ദിവസങ്ങളിൽ കൂടുതൽ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെക്കുമെന്നാണ് വിലയിരുത്തൽ.




