കണ്ണൂർ: അറസ്റ്റിലായ അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്താൻ പൊലീസ് നീക്കം. 23 കേസുകളിൽ പ്രതിയായ അർജുൻ ആയങ്കി കൊടുംക്രിമിനലാണെന്ന് ചൂണ്ടിക്കാട്ടി പൊലീസ് റിപ്പോർട്ട് തയ്യാറാക്കും.
രണ്ട് വധശ്രമക്കേസുകൾ, ആയുധം ഉപയോഗിച്ച് മാരകമായി പരിക്കേൽപ്പിക്കൽ, തട്ടിക്കൊണ്ടുപോകൽ തുടങ്ങി ഗുരുതര വകുപ്പുകൾ ഉൾപ്പെടെയുള്ള കേസുകൾ അർജുനെതിരെയുണ്ട്.
2014 മുതൽ അർജുൻ സ്ഥിരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്നുവെന്ന് വിവിധ കേസുകളിൽ സമർപ്പിച്ച കുറ്റപത്രങ്ങളിലും വ്യക്തമാക്കിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. വളപട്ടണം പൊലീസ് സ്റ്റേഷനിൽ മാത്രം അർജുനെതിരെ 12 കേസുകളുണ്ട്. പുതിയ കേസുകൾ ഉൾപ്പെടെ ആകെ 23 കേസുകളിലാണ് അർജുൻ പ്രതിയായിട്ടുള്ളത്.
അർജുനെതിരെ ഉടൻ കാപ്പ ചുമത്തുന്നതിനുള്ള റിപ്പോർട്ട് ജില്ലാ കളക്ടർക്ക് നൽകാനാണ് പൊലീസിന്റെ നീക്കം.
അതേസമയം, പുലർച്ചെ രണ്ടരയോടെയാണ് കണ്ണൂർ നഗരത്തിലെ അപ്പാർട്ട്മെന്റിൽ അഭിഭാഷകരെ കാണാനെത്തിയ അർജുൻ ആയങ്കിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഒരു ഓട്ടോ ഡ്രൈവർ പൊലീസിന് നൽകിയ വിവരമാണ് അർജുനെ പിടികൂടുന്നതിൽ നിർണായകമായത്.
പൊലീസിനെ വെല്ലുവിളിച്ച് കണ്ണൂർ തളിപ്പറമ്പിലെ അപ്പാർട്ട്മെന്റിൽ ഒളിവിൽ കഴിയുകയായിരുന്നു അർജുൻ. പൊലീസ് ഒളിത്താവളം കണ്ടെത്തിയെന്ന് സംശയിച്ചതോടെ ഓട്ടോയിൽ പയ്യന്നൂർ ഭാഗത്തേക്ക് കടക്കുകയായിരുന്നു.
തുടർന്ന് ഓട്ടോ ഡ്രൈവറുടെ ഫോണിൽ നിന്ന് വിളിച്ച് സുഹൃത്തിനെ കാറുമായി വരുത്തി. ഈ കാറിലാണ് പിന്നീട് കണ്ണൂർ ടൗണിലെത്തിയത്.
ഇതിനിടെ ഓട്ടോ ഡ്രൈവർ പൊലീസിനെ വിവരം അറിയിച്ചതോടെ പൊലീസ് കണ്ണൂർ ടൗണിലെത്തി. പൊലീസ് എത്തിയപ്പോൾ അർജുൻ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടിയിലാവുകയായിരുന്നു.
കണ്ണൂരിലെ കേസുകളിലെ നടപടികൾ പൂർത്തിയാക്കിയ ശേഷം അർജുൻ ആയങ്കിയെ എറണാകുളത്തേക്ക് മാറ്റിയേക്കും. ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നിർദേശപ്രകാരമായിരിക്കും തുടർ നടപടികളെന്നാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന വിവരം.




