കൊച്ചി: കൊച്ചിയിലെ അലന്‍ വാക്കര്‍ ഷോയില്‍ നടന്ന മൊബൈല്‍ മോഷണത്തിന്റെ മുഖ്യസൂത്രധാരന്‍ യുപി സ്വദേശി പ്രമോദ് യാദവ് ആണെന്ന് പൊലീസ്. പിടിയിലായ പ്രതികള്‍ ഇയാള്‍ക്കാണ് മോഷ്ടിച്ചു നല്‍കിയ മൊബൈല്‍ ഫോണുകള്‍ കൈമാറിയത്. ഷോയിലെ മോഷണം ആസൂത്രണം ചെയ്തതും പ്രമോദ് യാദവ് തന്നെ. മുംബൈയിലും ഉത്തര്‍പ്രദേശിലുമായുള്ള നാലു പ്രതികളെ കൂടി കണ്ടെത്താന്‍ അന്വേഷണസംഘം വീണ്ടും പരിശോധന നടത്തും.
പ്രതികളില്‍ നിന്നും പിടിച്ചെടുത്ത മൊബൈല്‍ ഫോണുകളില്‍ 12 എണ്ണം കൊച്ചിയില്‍ നിന്ന് മോഷണം പോയതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മുംബൈയില്‍ നിന്ന് ഇന്നലെ എത്തിച്ച ശ്യാം ബരന്‍വാള്‍, സണ്ണി ബോല എന്നിവരെ കസ്റ്റഡിയില്‍ വാങ്ങി വീണ്ടും ചോദ്യം ചെയ്യും. കേസില്‍ നാലു പ്രതികളാണ് ഇതുവരെ പിടിയിലായത്.
അലന്‍ വാക്കര്‍ ‘വാക്കര്‍ വേള്‍ഡ്’ എന്ന പേരില്‍ രാജ്യത്തെ പത്ത് നഗരങ്ങളില്‍ നടത്തുന്ന സംഗീതപരിപാടിയിലൊന്നായിരുന്നു കൊച്ചിയില്‍ നടന്നത്. ഷോയില്‍ മുന്‍നിരയിലുണ്ടായിരുന്ന 6000 രൂപയുടെ വിഐപി ടിക്കറ്റ് എടുത്തവരുടെ ഫോണുകളാണ് ഇവര്‍ കവര്‍ന്നത്. അന്വേഷണം ഉത്തരേന്ത്യയിലേക്ക് നീണ്ടത് നഷ്ട്ടപ്പെട്ട ഫോണുകളുടെ ഐഡികള്‍ ട്രാക്ക് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ്.