തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് റിയാദിലേക്കും ബഹ്റൈനിലേക്കും പുതിയ വിമാന സർവീസുകൾക്ക് തുടക്കമാകുന്നു. ഒക്ടോബർ 27 മുതൽ എയർ ഇന്ത്യ എക്സ്പ്രസ് ആരംഭിക്കുന്ന സർവീസുകളുടെ ബുക്കിങ് ആരംഭിച്ചു.
ആദ്യ ഘട്ടത്തിൽ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലായിരിക്കും റിയാദ് സർവീസ്. ദമ്മാമിലേക്ക് നിലവിലുള്ള പ്രതിദിന സർവീസിന് പുറമെയാണ് പുതിയ റിയാദ് സർവീസ്.
സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന തെക്കൻ കേരളത്തിലെയും തമിഴ്നാട്ടിലെയും യാത്രക്കാർക്ക് പുതിയ സർവീസ് ഏറെ പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷ. നേരിട്ടുള്ള വിമാന സർവീസ് ലഭിക്കുന്നതോടെ യാത്രാസമയവും കുറയും.
അതേസമയം, ബഹ്റൈനിലേക്കുള്ള പുതിയ സർവീസ് വ്യാഴം, ശനി ദിവസങ്ങളിലായിരിക്കും. നിലവിൽ ഗൾഫ് എയർ ഈ റൂട്ടിൽ പ്രതിദിന സർവീസ് നടത്തുന്നുണ്ട്.
എയർ ഇന്ത്യ എക്സ്പ്രസിന്റെ പുതിയ സർവീസ് കൂടി ആരംഭിക്കുന്നതോടെ തിരുവനന്തപുരം–ബഹ്റൈൻ റൂട്ടിൽ യാത്രക്കാർക്ക് കൂടുതൽ വിമാന ഓപ്ഷനുകൾ ലഭിക്കും.
ഗൾഫ് യാത്രക്കാർക്ക് കൂടുതൽ സൗകര്യമൊരുക്കുന്നതാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നുള്ള പുതിയ സർവീസുകൾ.




