തിരുവനന്തപുരം: സംസ്ഥാനത്തെ മരുന്ന് ക്ഷാമത്തിൽ ആരോഗ്യവകുപ്പിന്റെ അടിയന്തര ഇടപെടൽ. ജില്ലാ തലത്തിൽ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാൻ നിരീക്ഷണ സമിതികൾ രൂപീകരിക്കും.
മരുന്ന് ക്ഷാമം തുടരുന്നതിനിടെ സംസ്ഥാനത്ത് പകർച്ചപ്പനി വ്യാപിക്കുന്നതും ആരോഗ്യവകുപ്പിന് വെല്ലുവിളിയാകുകയാണ്. ഇന്നലെ മാത്രം പനി ഉൾപ്പെടെയുള്ള രോഗങ്ങൾക്ക് ചികിത്സ തേടിയത് 7,740 പേർ.
പഞ്ഞി മുതൽ ജീവിതശൈലീ രോഗങ്ങൾക്ക് ഉപയോഗിക്കുന്ന മരുന്നുകൾ വരെ പല ആശുപത്രികളിലും സ്റ്റോക്ക് കുറവാണ്. സ്റ്റോക്കില്ലാത്ത മരുന്നുകളുടെ ടെൻഡർ നടപടികൾ കെ.എം.എസ്.സി.എൽ അടിയന്തര യോഗത്തിൽ പൂർത്തിയാക്കി.
28 മരുന്നുകൾ ഈ മാസം പകുതിയോടെ ആശുപത്രികളിൽ എത്തിക്കാനാണ് ആരോഗ്യവകുപ്പിന്റെ ശ്രമം. ഇതിനുപുറമെ ലോക്കൽ പർച്ചേസിലൂടെ അടിയന്തരമായി ആവശ്യമായ മരുന്നുകൾ ലഭ്യമാക്കാനും തീരുമാനിച്ചിട്ടുണ്ട്.
അഞ്ച് വയസ്സുവരെയുള്ള കുട്ടികൾക്ക് ആറുമാസം ഇടവിട്ട് നൽകേണ്ട വൈറ്റമിൻ എയും ചില വാക്സിനുകളും ആശുപത്രികളിൽ ലഭ്യമല്ലെന്ന പരാതിയും ശക്തമാണ്. കഴിഞ്ഞ രണ്ട് മാസത്തിലേറെയായി കുഞ്ഞുങ്ങളുടെ മരുന്ന് ക്ഷാമം നേരിടുന്നതായി രക്ഷിതാക്കൾ പറയുന്നു.
ഇതിനിടെ പനി ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾക്ക് ചികിത്സ തേടി ആശുപത്രികളിലെത്തുന്നവരുടെ എണ്ണവും വർധിക്കുകയാണ്.
മരുന്നുകൾ അടിയന്തരമായി ആശുപത്രികളിൽ എത്തിച്ചില്ലെങ്കിൽ നിലവിലെ പ്രതിസന്ധി കൂടുതൽ രൂക്ഷമായേക്കും.
പകർച്ചവ്യാധികൾക്കെതിരെ പ്രതിരോധ മുൻകരുതലുകൾ സ്വീകരിക്കണമെന്നും രോഗലക്ഷണങ്ങൾ കണ്ടാൽ ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പ് പൊതുജനങ്ങൾക്ക് നിർദേശം നൽകി.




