ആദ്യ മയക്കുവെടിവച്ച് അഞ്ചുമണിക്കൂറുകൾ പിന്നിട്ട പരിശ്രമത്തിനൊടുവിൽ അരിക്കൊമ്പനെ വണ്ടിയിൽ കയറ്റി. വണ്ടിയിൽ കയറ്റാനുളള ശ്രമത്തിനിടെ ദൗത്യത്തിന് വെല്ലുവിളിയായി ശക്തമായ മഴയും കാറ്റും ഉണ്ടായി. കൂടാതെ വണ്ടിയിൽ കയറുന്നതിന് വഴങ്ങാതെ നിലകൊളളുകയായിരുന്നു അരിക്കൊമ്പന്‍. മൂന്നു തവണയാണ് അരിക്കൊമ്പന്‍ കുതറി മാറിയത്.
എന്നാൽ കടുത്ത രീതിയിൽ പ്രതിരോധിച്ച അരിക്കൊമ്പനെ കുങ്കിയാനകൾ ചുറ്റിലും നിന്ന് തള്ളി ലോറിയിലേക്ക് കയറ്റാൻ ശ്രമിക്കുകയായിരുന്നു. അനിമൽ ആംബുലൻസിന്റെ സമീപത്താണ് അരിക്കൊമ്പൻ നിന്നിരുന്നത്. അഞ്ച് മയക്കുവെടികൾ ഏറ്റിട്ടും ശൗര്യം വിടാതെ കൊമ്പനെ കനത്ത വെല്ലുവിളികൾക്കിടയിലും അനിമൽ ആംബുലൻസിൽ കയറ്റുകയായിരുന്നു.
അരിക്കൊമ്പനെ ഇടുക്കി കടത്തിവിടുമെന്നും പറമ്പിക്കുളത്തേയ്ക്ക് മാറ്റില്ലെന്നും ഉൾവനത്തിലേയ്ക്ക് മാറ്റുമെന്നും മന്ത്രി എ കെ ശശീന്ദ്രൻ വ്യക്തമാക്കിയിരുന്നു. വളരെ പ്രതികൂല സാഹചര്യത്തിലാണ് അരിക്കൊമ്പനെ പിടികൂടുന്നതിനായി ദൗത്യസംഘം പ്രവർത്തിച്ചതെന്ന് മന്ത്രി പറഞ്ഞു. ധീരമായ നടപടിയാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായത്. ഉദ്യോഗസ്ഥരെയും വെറ്റിനറി ഡോക്‌ടറെയും അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു.