തിരുവനന്തപുരം: ആംബുലൻസ് സർവീസിന്റെ മറവിൽ കഞ്ചാവ് വിൽപ്പന നടത്തിയെന്ന കേസിൽ യുവാവ് അറസ്റ്റിൽ. കല്ലിയൂർ തെറ്റിവിള അഭിലാഷ് ഭവനിൽ എസ്.എസ്. അഭിജിത്ത് (23) ആണ് പിടിയിലായത്. വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിന് മുന്നിൽ വെച്ച് വൈകിട്ടായിരുന്നു അറസ്റ്റ്.
ആംബുലൻസ് ഓട്ടം മറയാക്കി കഞ്ചാവ് ചെറിയ പൊതികളിലാക്കി ആവശ്യക്കാർക്ക് എത്തിച്ചുനൽകിയിരുന്നതായാണ് പൊലീസിന്റെ കണ്ടെത്തൽ. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് യുവാവ് പൊലീസ് നിരീക്ഷണത്തിലായിരുന്നു.
രാവിലെ മുതൽ നിരീക്ഷണം തുടർന്ന പൊലീസ് വൈകിട്ടോടെ ഇയാളെ പിടികൂടുകയായിരുന്നു. ഫോർട്ട് എസി പ്രദീപിന്റെ നേതൃത്വത്തിലുള്ള സ്ക്വാഡാണ് പ്രതിയെ പിടികൂടി വിഴിഞ്ഞം പൊലീസിന് കൈമാറിയത്.
കഞ്ചാവ് വിൽപ്പനയ്ക്ക് ഉപയോഗിച്ചിരുന്നതായി സംശയിക്കുന്ന ആംബുലൻസും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതിയെ വിശദമായി ചോദ്യം ചെയ്താലേ ലഹരിവിൽപ്പനയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭിക്കൂവെന്ന് പൊലീസ് അറിയിച്ചു. കഞ്ചാവ് എവിടെ നിന്നാണ് എത്തിച്ചിരുന്നതെന്നും ആരൊക്കെയാണ് ഇടപാടിൽ ഉൾപ്പെട്ടിട്ടുള്ളതെന്നും പൊലീസ് പരിശോധിച്ചുവരികയാണ്.




