തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരായ വിവാദ പരാമർശത്തിൽ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ആർ. ശ്രീലേഖയ്ക്ക് കോടതി നോട്ടിസ്. കെപിസിസി ജനറൽ സെക്രട്ടറി കെ.പി. ശ്രീകുമാർ ഫയൽ ചെയ്ത ക്രിമിനൽ മാനനഷ്ടക്കേസിലാണ് നോട്ടിസ് അയച്ചത്. കേസ് ഡിസംബർ രണ്ടിന് കോടതി പരിഗണിക്കും.
രാഹുൽ ഗാന്ധിക്കെതിരായ പരാമർശത്തിൽ നേരത്തെ ശ്രീലേഖയ്ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. പുനലൂർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ഭാരതീയ ന്യായ സംഹിതയിലെ 192-ാം വകുപ്പ് പ്രകാരമാണ് കേസെടുത്തത്. സമൂഹത്തിൽ ലഹളയുണ്ടാക്കാൻ ശ്രമിച്ചെന്നാണ് എഫ്‌ഐആറിലെ ആരോപണം. പുനലൂരിൽ നടന്ന ബിജെപി ജനസഭ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു രാഹുൽ ഗാന്ധിക്കെതിരെ ശ്രീലേഖ വിവാദ പരാമർശം നടത്തിയത്.
തിരഞ്ഞെടുപ്പ് കമ്മീഷനെതിരായ രാഹുൽ ഗാന്ധിയുടെ സമരത്തെ മയക്കുമരുന്ന് ഉള്ളിൽ ചെന്നപ്പോഴുണ്ടാകുന്ന വെപ്രാളത്തോടും താണ്ഡവത്തോടും ഉപമിച്ചായിരുന്നു പരാമർശം. പ്രസംഗത്തിലെ ഈ പരാമർശത്തിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് കെപിസിസി ജനറൽ സെക്രട്ടറി കെ.പി. ശ്രീകുമാർ ക്രിമിനൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. കേസിൽ ഡിസംബർ രണ്ടിന് നടക്കുന്ന കോടതി നടപടികളിലേക്കാണ് ഇനി ശ്രദ്ധ.




