തിരുവനന്തപുരം: ചാന്നാങ്കരയിൽ അമ്മൂമ്മയെ ചെറുമകൻ കഴുത്തറുത്ത് കൊലപ്പെടുത്തിയതായി പരാതി.
ചാന്നാങ്കര സ്വദേശി മെഴ്സി, 65, ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം.
മെഴ്സിയുടെ മകളുടെ മകൻ ഷിബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വീട്ടിൽ നിരന്തരം വഴക്കുണ്ടാകാറുണ്ടായിരുന്നുവെന്നാണ് വിവരം. ഇന്ന് രാവിലെയും ഇരുവരും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് മെഴ്സിയെ ഷിബിൻ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
കത്തിയുമായി വീട്ടിൽനിന്ന് പുറത്തിറങ്ങിയ ഷിബിൻ സമീപവാസികളോട് താനാണ് കൊല നടത്തിയതെന്ന് പറഞ്ഞതായും വിവരമുണ്ട്. തുടർന്ന് സ്ഥലത്തുനിന്ന് രക്ഷപ്പെട്ട ഇയാളെ കഠിനംകുളത്തുവച്ച് പൊലീസ് പിടികൂടുകയായിരുന്നു.
മരണം സ്ഥിരീകരിച്ചിട്ടില്ലാതിരുന്നതിനാൽ കഠിനംകുളം പൊലീസ് മെഴ്സിയെ ഉടൻ ആംബുലൻസിൽ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെത്തിച്ചു. എന്നാൽ മെഴ്സി മരണപ്പെട്ടതായി പിന്നീട് സ്ഥിരീകരിച്ചു.
മെഴ്സി മത്സ്യവിൽപ്പന നടത്തി വരികയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.




