ബെംഗളൂരുവിൽ സഹപാഠിയെ കളിത്തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട നാല് കോളേജ് വിദ്യാർത്ഥികൾ പിടിയിൽ. അടിിച്ചുപൊളിച്ച് ജീവിക്കാൻ പണം കണ്ടെത്തുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യം. പിടിയിലായവരിൽ ഒരു മലയാളിയും ഉൾപ്പെടുന്നു.
ബെംഗളൂരുവിലെ പ്രശസ്തമായ ജെയിൻ സർവകലാശാലയിലെ വിദ്യാർത്ഥികളാണ് പിടിയിലായത്. ബിഹാർ, കേരളം, ജാർഖണ്ഡ്, ബെംഗളൂരു സ്വദേശികളായ നാലംഗ സംഘമാണ് ഒഡീഷ സ്വദേശിയായ മോഹാൻടി എന്ന സഹപാഠിയെ തട്ടിക്കൊണ്ടുപോയത്.
ഹോസ്റ്റലിൽ നിന്നും വിളിച്ചിറക്കിയ ശേഷം കാറിൽ കയറ്റി പ്രതികളിൽ ഒരാളുടെ മുറിയിൽ എത്തിച്ചായിരുന്നു അതിക്രമം. യുവാവിനെ വിട്ടുനൽകാൻ സുഹൃത്തുക്കളോട് അമ്പതിനായിരം രൂപയാണ് സംഘം ആവശ്യപ്പെട്ടത്.
ആദ്യം സുഹൃത്തുക്കൾ പതിനായിരം രൂപ ഓൺലൈനായി കൈമാറിയെങ്കിലും പിന്നീട് സംശയം തോന്നി പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. മൊബൈൽ ലൊക്കേഷൻ പിന്തുടർന്ന് പോലീസ് നടത്തിയ അതിവേഗ നീക്കത്തിനൊടുവിൽ പ്രതികളെ പിടികൂടുകയും വിദ്യാർത്ഥിയെ സുരക്ഷിതനായി രക്ഷപ്പെടുത്തുകയും ചെയ്തു.
പ്രതികളുടെ പക്കൽ നിന്നും ഭയപ്പെടുത്താൻ ഉപയോഗിച്ച മെറ്റൽ കളിത്തോക്ക്, കത്തി എന്നിവ പോലീസ് കണ്ടെടുത്തു. ഇവർ ഉപയോഗിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പിടിയിലായവർ സ്ഥിരം കുറ്റവാളികളാണെന്നും മുൻപും നിരവധി വിദ്യാർത്ഥികളെ ഇവർ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.




