ബിഹാറിൽ വ്യാജ ബിരുദങ്ങളും സർട്ടിഫിക്കറ്റുകളും ഉപയോഗിച്ച് ജോലി നേടിയ 3035 അധ്യാപകർക്ക് ജോലി നഷ്ടമായേക്കും. വ്യാജ രേഖകളുടെ അടിസ്ഥാനത്തിൽ നടത്തിയ നിയമനങ്ങൾക്കെതിരെ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നടപടി ആരംഭിച്ചു.
2006 മുതൽ 2015 വരെയുള്ള കാലയളവിൽ നടന്ന അധ്യാപക നിയമനങ്ങളെക്കുറിച്ച് വിജിലൻസ് നടത്തിയ അന്വേഷണത്തിലാണ് വ്യാപകമായ ക്രമക്കേടുകൾ കണ്ടെത്തിയത്. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അധ്യാപകരെ പ്രതികളാക്കി 1830 എഫ്‌ഐആറുകൾ ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വ്യാജ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സർട്ടിഫിക്കറ്റുകളും നിയമന സമയത്ത് സമർപ്പിച്ച വ്യാജ അക്കാദമിക് രേഖകളും ഉപയോഗിച്ചാണ് നിരവധി പേർ ജോലി നേടിയതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
അന്വേഷണം പൂർത്തിയാക്കിയ ശേഷം നടപടി നേരിടേണ്ട അധ്യാപകരുടെ പട്ടിക വിജിലൻസ് ബ്യൂറോ വിദ്യാഭ്യാസ വകുപ്പിന് കൈമാറിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് തുടർനടപടികൾ പുരോഗമിക്കുന്നത്.
സംസ്ഥാനത്തെ അധ്യാപക നിയമന സംവിധാനം സുതാര്യമാക്കുന്നതിനും അർഹരായ അധ്യാപകർ മാത്രം ക്ലാസ് മുറികളിൽ തുടരുന്നുവെന്ന് ഉറപ്പാക്കുന്നതിനുമുള്ള നടപടികളുടെ ഭാഗമാണിതെന്ന് അധികൃതർ വ്യക്തമാക്കി.
അതേസമയം, വ്യാജ രേഖകൾ ഉപയോഗിച്ച് ജോലി നേടിയ അധ്യാപകരിൽ നിന്ന് സേവന കാലയളവിൽ ലഭിച്ച ശമ്പളവും ഓണറേറിയവും പലിശ ഉൾപ്പെടെ തിരിച്ചുപിടിക്കാനും വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.




