ബെയ്ജിങ്ങ്: ചൈനയില്‍ കൊവിഡ് വീണ്ടും വ്യാപിക്കുന്നതിനിടെ ഏഷ്യന്‍ ഗെയിംസ് (Asian Games 2022) മാറ്റിവച്ചതായി റിപ്പോര്‍ട്ട്. സെപ്റ്റംബര്‍ 10 മുതല്‍ 25 വരെ ഗെയിംസ് നടത്താനാണ് നേരത്തെ പദ്ധതിയിട്ടിരുന്നത്. ഗെയിംസ് മാറ്റിവയ്ക്കാന്‍ തീരുമാനിച്ചതായി ഏഷ്യന്‍ ഒളിംപിക് കൗണ്‍സിലിനെ ഉദ്ധരിച്ച് ചൈനീസ് മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഗെയിംസ് വൈകിപ്പിക്കാന്‍ കാരണം വ്യക്തമാക്കിയിട്ടില്ലെങ്കിലും ചൈന കൊവിഡിന്റെ വലിയ വെല്ലുവിളി നേരിടുകയാണ്. ഗെയിംസിന്റെ പുതുക്കിയ തിയതി പിന്നീട് മാത്രമേ പ്രഖ്യാപിക്കൂ.
ചൈനീസ് നഗരങ്ങളെ വിറപ്പിക്കുന്ന കൊവിഡ് വ്യാപനം തന്നെ തീരുമാനത്തിന് പിന്നിലെന്ന് വ്യക്തം. ശീതകാല ഒളിംപിക്‌സ് ഫെബ്രുവരിയില്‍ വിജയകരമായി നടപ്പാക്കിയത് ചൂണ്ടിക്കാട്ടിയുള്ള ചൈനീസ് പ്രതിരോധമാണ് ഇപ്പോള്‍ പൊളിയുന്നത്. ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് ടീമുകള്‍ ചൈനയിലേക്ക് ടീമിനെ അയക്കില്ലെന്ന് കഴിഞ്ഞയാഴ്ച സ്ഥിരീകരിച്ചപ്പോഴും ഗെയിംസ് മാറ്റിവയ്‌ക്കേണ്ട സാഹചര്യമില്ലെന്നായിരുന്നു ചൈനീസ് നിലപാട്.