അഹമ്മദാബാദ്: അഹമ്മദാബാദില്‍ ഇന്ന് ഇന്ത്യ-ഓസ്‌ട്രേലിയ കലാശക്കളി. ടൂര്‍ണമെന്റില്‍ 10 മത്സരങ്ങള്‍ തുടരെ വിജയിച്ച് ആധികാരികമായി കലാശപ്പോരിലെത്തിയ ഇന്ത്യയും ആദ്യ രണ്ട് കളി പരാജയപ്പെട്ടപ്പോഴുണ്ടായ പരിഹാസങ്ങളെ കാറ്റില്‍ പറത്തി 8 തുടര്‍ ജയങ്ങളുമായി ഫൈനല്‍ പ്രവേശനം നേടിയ ഓസ്‌ട്രേലിയയും ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് ഗ്രൗണ്ടായ അഹ്‌മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഇന്ന് ഉച്ചകഴിഞ്ഞ് 2 മണി മുതല്‍ പരസ്പരം കൊമ്പുകോര്‍ക്കും.
ഓസ്‌ട്രേലിയയെ നേരിടുന്ന ഇന്ത്യക്ക് ടോസ് നിര്‍ണായകമാണ്. ഈ മൈതാനത്ത് ടൂര്‍ണമെന്റില്‍ ഇതുവരെ രണ്ടാമത് ബാറ്റ് ചെയ്ത ടീമുകള്‍ക്കയിരുന്നു മുന്‍തൂക്കം. ഈ ലോകകപ്പില്‍ നാല് മത്സരങ്ങള്‍ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്നപ്പോള്‍ അതില്‍ മൂന്നിലും രണ്ടാമത് ബാറ്റ് ചെയ്ത ടീമുകളാണ് ജയിച്ചത്.
കഴിഞ്ഞ 10 മത്സരങ്ങളും ജയിച്ച് ബാറ്റിംഗിലും ബൗളിംഗിലും ഫീല്‍ഡിംഗിലും ഇന്ത്യ മികച്ചുനിന്നു. രോഹിതും ഗില്ലും വിരാടും രാഹുലും ശ്രേയസും അപാര ഫോമില്‍. അതിലും മികച്ച് ബൗളിംഗ് അറ്റാക്ക്. സൂപ്പര്‍ ഷമിയും ബുംറയും കുല്‍ദീപും ജഡേജയും ഫോം തുടര്‍ന്നാല്‍ ഇന്ത്യ കപ്പുയര്‍ത്തും.