ഷാരൂഖ് ഖാനെയും ദളപതി വിജയ്‌യെയും ഒരേ സിനിമയില്‍ അണിനിരത്താന്‍ അറ്റ്‌ലി. ഇരുവര്‍ക്കും അനിയോജ്യമായ വിഷയങ്ങള്‍ തിരഞ്ഞെടുക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും വൈകാതെ അങ്ങനെയൊരു സിനിമ സംഭവിക്കുമെന്നും സംവിധായകന്‍ പറഞ്ഞു. താരങ്ങള്‍ ഇരുവരും അത്തരമൊരു സിനിമയ്ക്ക് ഒരുക്കമാണെന്നും വ്യക്തമാക്കിയിരിക്കുകയാണ് അറ്റ്‌ലി.
അറ്റ്‌ലിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം ‘ജവാനില്‍’ വിജയ് കാമിയോ റോളിലെത്തുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. മൂവരും ഒന്നിച്ച് നില്‍ക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്കും വഴിവെച്ചു. എന്നാല്‍ റിലീസിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ജവാനില്‍ വിജയ് ഇല്ലെന്ന് വ്യക്തമാക്കി സംവിധായകന്‍ തന്നെ രംഗത്തെത്തി. വിജയ് ഷാരൂഖ് ഖാനൊപ്പം അഭിനയിക്കണമെന്ന് താന്‍ ആഗ്രഹിക്കുന്നുണ്ടെന്നും എന്നാല്‍ ഒരു കാമിയോ വേഷം മാത്രമായി ഒതുക്കാനാകില്ലെന്നുമാണ് അറ്റ്‌ലി അന്നു പറഞ്ഞത്.
2023ല്‍ ഷാരൂഖ് മടങ്ങി വന്നതിന് ശേഷമുള്ള രണ്ടാമത്തെ ബ്ലോക്ബസ്റ്റര്‍ ഹിറ്റാണ് ജവാന്‍. ഷാരൂഖ് ഖാന്‍ ഇരട്ട വേഷത്തിലെത്തിയ ചിത്രം മാസ് മസാല ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ ആയിരുന്നു. ‘തെരി’, ‘മെര്‍സല്‍’, ‘ബിഗില്‍’ എന്നീ ചിത്രങ്ങളാണ് വിജയ്!യെ നായകനാക്കി അറ്റ്‌ലി ഒരുക്കിയത്. ഇരുവരുടെയും കരിയറിലെ മികച്ച വിജയങ്ങളായിരുന്നു മൂന്ന് ചിത്രങ്ങളും.
ദളപതി വിജയ് നായകനായ ‘ലിയോ’ ആഴ്ചകള്‍ പിന്നിട്ട് തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രം പലവിധ കളക്ഷന്‍ റെക്കോഡുകള്‍ തീര്‍ത്താണ് മുന്നേറുന്നത്. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിനായി സംഗീതം ഒരുക്കിയത്. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസ്, ദി റൂട്ട് എന്നീ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 59.4 കോടി രൂപയാണ് കേരളത്തില്‍ നിന്നുള്ള സിനിമയുടെ കളക്ഷന്‍.