ആലുവ: പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ച കേസുകളിൽ പ്രതിക്ക് ആലുവ അതിവേഗ പോക്സോ കോടതി 10 വർഷം തടവ് ശിക്ഷ വിധിച്ചു. ആലുവ കുഞ്ചാട്ടുകര കൈപ്പിള്ളി വീട്ടിൽ ബീരാൻ കുട്ടി (67)യെയാണ് രണ്ട് കേസുകളിലായി കോടതി ശിക്ഷിച്ചത്.
രണ്ട് കേസുകളിലും അഞ്ച് വർഷം വീതം തടവും 15,000 രൂപ വീതം പിഴയുമാണ് കോടതി വിധിച്ചത്. ആകെ 10 വർഷം തടവും 30,000 രൂപ പിഴയുമാണ് ശിക്ഷ. 2024 ഏപ്രിൽ, മെയ് മാസങ്ങളിലാണ് കേസിനാസ്പദമായ സംഭവങ്ങൾ നടന്നത്.
പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയെ തുടർന്ന് എടത്തല പൊലീസ് രണ്ട് വ്യത്യസ്ത കേസുകൾ രജിസ്റ്റർ ചെയ്യുകയായിരുന്നു. തുടർന്ന് അന്വേഷണം നടത്തി തെളിവുകൾ ശേഖരിച്ച പൊലീസ് പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചു.
വിചാരണ പൂർത്തിയാക്കിയ ശേഷമാണ് ആലുവ അതിവേഗ പോക്സോ കോടതി പ്രതിക്ക് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. പി.ജി. യമുന ഹാജരായി.




