മുംബൈ: കോടികൾ വിലമതിക്കുന്ന വിദേശ കഞ്ചാവ് കടത്തിയ കേസിൽ മലയാളി മോഡൽ മുംബൈയിൽ പിടിയിലായി. ഇരുപത്തിയെട്ടുകാരിയായ തൃശൂർ സ്വദേശിനി ഹർഷ സണ്ണിയാണ് മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പിടിയിലായത്. ഇവരിൽ നിന്ന് 11.82 കോടി രൂപ വിലമതിക്കുന്ന 11 കിലോയോളം വരുന്ന ‘ഹൈഡ്രോപോണിക് മരിജുവാന’ (ഉയർന്ന നിലവാരമുള്ള കഞ്ചാവ്) കസ്റ്റംസ് പിടിച്ചെടുത്തു. 2025-ലെ മിസ് കേരള മത്സരത്തിലെ മത്സരാർത്ഥി കൂടിയായിരുന്നു ഹർഷ സണ്ണി.ജൂൺ പത്തിന് അർധരാത്രി ബാങ്കോക്കിൽ നിന്നുള്ള എയർ ഇന്ത്യ വിമാനത്തിലാണ് ഹർഷ മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയത്. പതിവ് പരിശോധനകൾക്കിടെ ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ എയർ ഇന്റലിജൻസ് യൂണിറ്റിലെയും കസ്റ്റംസ് വകുപ്പിലെയും ഉദ്യോഗസ്ഥർ ഹർഷയെ തടഞ്ഞുനിർത്തുകയായിരുന്നു.തുടർന്ന് ഇവരുടെ കൈവശമുണ്ടായിരുന്ന ട്രോളി ബാഗ് വിശദമായി പരിശോധിച്ചപ്പോഴാണ് വാക്വം സീൽ ചെയ്ത പ്ലാസ്റ്റിക് പാക്കറ്റുകൾ കണ്ടെത്തിയത്. ഇതിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന്. തുടർന്ന് നടത്തിയ രാസപരിശോധനയിലാണ് ഇത് അന്താരാഷ്ട്ര വിപണിയിൽ കോടികൾ വിലമതിക്കുന്ന ഹൈ ക്വാളിറ്റി ഹൈഡ്രോപോണിക് മരിജ്വാനയാണെന്ന് സ്ഥിരീകരിച്ചത്.ലഹരിമരുന്ന് നിരോധന നിയമപ്രകാരം (NDPS Act) അറസ്റ്റ് രേഖപ്പെടുത്തിയ ഹർഷ സണ്ണിയെ നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. ബാങ്കോക്കിൽ നിന്ന് എത്തിച്ച ഈ കോടികളുടെ ലഹരിമരുന്ന് ഇന്ത്യയിൽ ആർക്ക് കൈമാറാനാണ് ലക്ഷ്യമിട്ടിരുന്നതെന്ന കാര്യം വ്യക്തമല്ല. ലഹരിക്കടത്തിന് പിന്നിലെ വൻ സ്രാവുകളെ കണ്ടെത്താനായി കസ്റ്റംസും പൊലീസും അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.




