ബിഎൽഎം സാമ്പത്തിക തട്ടിപ്പ്: പ്രേംകുമാറിനെ ചോദ്യം ചെയ്യാൻ ഇഡി; 103 കോടിയുടെ സ്വത്തുക്കൾ മരവിപ്പിച്ചു

കൊച്ചി: ബിഎൽഎം സാമ്പത്തിക തട്ടിപ്പ് കേസിൽ സ്ഥാപക ചെയർമാൻ ആർ. പ്രേംകുമാറിനെ ചോദ്യം ചെയ്യാനൊരുങ്ങി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). പരിശോധനയിൽ കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രേംകുമാറിനെ ചോദ്യം ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്. അടുത്ത ആഴ്ചയോടെ നോട്ടീസ് നൽകുമെന്നാണ് വിവരം. നിലവിൽ പ്രേംകുമാർ വിദേശത്താണെന്നാണ് സൂചന.

നോട്ടീസ് കൈപ്പറ്റാതിരിക്കുകയോ ചോദ്യം ചെയ്യലിന് ഹാജരാകാതിരിക്കുകയോ ചെയ്താൽ ലുക്ക്‌ഔട്ട് നോട്ടീസ് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുന്നതും ഇഡിയുടെ പരിഗണനയിലുണ്ട്.

സാമ്പത്തിക തിരിമറി കേസിൽ ബിഎൽഎമ്മിന്റെ 103 കോടി രൂപയുടെ സ്വത്തുക്കൾ നേരത്തെ ഇഡി മരവിപ്പിച്ചിരുന്നു. ശതകോടികളുടെ തട്ടിപ്പ് നടന്നതായാണ് അന്വേഷണ ഏജൻസിയുടെ പ്രാഥമിക കണ്ടെത്തൽ. സമഗ്രമായ അന്വേഷണം തുടരുമെന്നും ഇഡി വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

ബിഎൽഎം സ്ഥാപക ചെയർമാൻ പ്രേംകുമാറുമായി ബന്ധപ്പെട്ട് ചെന്നൈ, എറണാകുളം, കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം, മൂന്നാർ എന്നിവിടങ്ങളിലായി 12 കേന്ദ്രങ്ങളിലാണ് ഇഡി പരിശോധന നടത്തിയത്. പരിശോധനയിൽ ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തിയെന്നാണ് ഇഡിയുടെ വിശദീകരണം.

ഹൗസിംഗ് സൊസൈറ്റി വഴി സാധാരണക്കാരിൽനിന്ന് ശേഖരിച്ച നിക്ഷേപത്തുക ചട്ടവിരുദ്ധമായി പ്രേംകുമാറിന്റെയും കുടുംബാംഗങ്ങളുടെയും പേരിലേക്ക് വകമാറ്റിയതായാണ് കണ്ടെത്തൽ. ബിഎൽഎമ്മുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ നടത്താൻ പ്രേംകുമാറും കൂട്ടാളികളും 320 ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിച്ചതായും ഇഡി വ്യക്തമാക്കുന്നു.

സ്ഥാപനത്തിന്റെ ആസ്തികൾ പണയം വെച്ചും നിക്ഷേപത്തുക വകമാറ്റിയും വ്യക്തിഗത നേട്ടങ്ങൾ സ്വന്തമാക്കിയെന്നാണ് ആരോപണം. കുടുംബാംഗങ്ങളുടെ പേരിൽ വൻതോതിൽ ഭൂമിയും മറ്റ് ആസ്തികളും വാങ്ങിക്കൂട്ടിയതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

നൂറുകണക്കിന് കോടി രൂപയുടെ സാമ്പത്തിക തിരിമറി നടന്നിട്ടുണ്ടെന്നാണ് ഇഡിയുടെ പ്രാഥമിക നിഗമനം. കള്ളപ്പണ നിരോധന നിയമപ്രകാരമുള്ള കൂടുതൽ പരിശോധനകൾ പൂർത്തിയായാൽ മാത്രമേ തട്ടിപ്പിന്റെ യഥാർഥ വ്യാപ്തി വ്യക്തമാകൂ.

ബിഎൽഎമ്മിന്റെ പ്രവർത്തനങ്ങളെല്ലാം പ്രേംകുമാർ നേരിട്ടാണ് നിയന്ത്രിച്ചിരുന്നതെന്ന് റെയ്ഡിൽ വ്യക്തമായതായും ഇഡി അറിയിച്ചു. പോർഷെ, റോൾസ് റോയ്‌സ് തുടങ്ങിയ ആഡംബര കാറുകൾ ഉൾപ്പെടെ എട്ട് വാഹനങ്ങളും 9.6 കോടി രൂപയുടെ സ്വർണാഭരണങ്ങളും അടക്കം ആകെ 103 കോടി രൂപയുടെ സ്വത്തുക്കളാണ് പിടിച്ചെടുക്കുകയോ മരവിപ്പിക്കുകയോ ചെയ്തത്.

കേസിൽ കൂടുതൽ പരിശോധനകളും ചോദ്യം ചെയ്യലുകളും നടത്തി സാമ്പത്തിക തട്ടിപ്പിന്റെ മുഴുവൻ ശൃംഖലയും പുറത്തുകൊണ്ടുവരാനാണ് ഇഡിയുടെ നീക്കം.

Related news

ചേരാനല്ലൂർ വാഹനാപകടം: 17-കാരന്റെ ജാമ്യത്തിനെതിരെ ഹൈക്കോടതിയിലേക്ക് കുടുംബം; നിയമപോരാട്ടം തുടരും

കൊച്ചി: ചേരാനല്ലൂർ വാഹനാപകടത്തിൽ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം നിയമപോരാട്ടം ശക്തമാക്കുന്നു. കേസിൽ...

50 കോടി ലഭിച്ചെന്ന വ്യാജപ്രചാരണം; കോഴിക്കോട് SMA ബാധിച്ച കുരുന്നുകൾക്ക് ഇനിയും വേണം 33 കോടി

കോഴിക്കോട്: സ്പൈനൽ മസ്കുലാർ അട്രോഫി (SMA) ബാധിതരായ മുക്കത്തെ മൂന്ന് കുരുന്നുകളുടെ...

എഥനോൾ വിവാദം: അളവ് ഇനിയും കൂട്ടുമെന്ന് സുരേഷ് ഗോപി; കേരളത്തിൽ നാളെ മുതൽ പരിശോധന

തൃശൂർ: പെട്രോളിൽ കലർത്തുന്ന എഥനോളിന്റെ അളവ് കാലക്രമേണ വർധിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ്...

LPST സമരത്തിന് വീണ്ടും പൊലീസ് നോട്ടീസ്; ഫ്ലക്സുകൾ 24 മണിക്കൂറിനകം നീക്കണം

തിരുവനന്തപുരം: LPST സമരസമിതി കൺവീനർ എസ്. വളർമതിക്ക് വീണ്ടും പൊലീസ് നോട്ടീസ്....

കായികമേള ഭക്ഷണ വിവാദം; ‘ജീവനുള്ള പുഴുവെന്ന് പറഞ്ഞതിന് തെളിവുണ്ടോ?’; വിശദീകരണവുമായി ജിജോ ജെയിംസ്

കോഴിക്കോട്: സംസ്ഥാന സ്കൂൾ കായികമേളയിലെ ഭക്ഷണത്തിൽനിന്ന് പുഴുവിനെ ലഭിച്ചെന്ന ആരോപണത്തിൽ വിശദീകരണവുമായി...