കൊല്ലം: കൊല്ലത്ത് ഓട്ടോയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ കടത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പരാതി. വിമല ഹൃദയ ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായാണ് പരാതി. കൊല്ലം എസ് എന്‍ കോളേജിന് സമീപത്ത് വെച്ചാണ് സംഭവം. കുട്ടികള്‍ എതിര്‍ത്തതോടെ വേഗം കൂട്ടിയ ഓട്ടോറിക്ഷയില്‍ നിന്നും പെണ്‍കുട്ടികള്‍ ചാടി രക്ഷപ്പെടുകയായിരുന്നു.
ട്യൂഷന്‍ കഴിഞ്ഞ് ഓട്ടോയില്‍ കയറിയപ്പോഴാണ് സംഭവം. രണ്ട് പെണ്‍കുട്ടികള്‍ പരുക്കുകളോടെ കൊല്ലം ഈസ്റ്റ് പൊലീസ് സ്‌റ്റേഷനിലേക്ക് ഓടി കയറി വരികയായിരുന്നു. വിവരങ്ങള്‍ തിരക്കിയതോടെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞത്.
ട്യൂഷന്‍ കഴിഞ്ഞ് ഓട്ടോയില്‍ കൈകാണിച്ച് കയറുകയായിരുന്നു. പോകുന്ന വഴി ശരിയായ രീതിയില്‍ അല്ല എന്ന് പെണ്‍കുട്ടികള്‍ ചോദ്യം ചെയ്തതോടെയാണ് ഓട്ടോ വേഗം കൂട്ടിയത്. ഇതിന് പിന്നാലെയാണ് പെണ്‍കുട്ടികള്‍ ഓട്ടോയില്‍ നിന്ന് ചാടിയത്. മോശമായാണ് ഓട്ടോ െ്രെഡവര്‍ സംസാരിച്ചതെന്ന് വിദ്യാര്‍ത്ഥിനി പറഞ്ഞു. ഓട്ടോ ഇടവഴിയിലേക്ക് കയറ്റിക്കൊണ്ട് പോകാന്‍ ശ്രമിച്ചപ്പോള്‍ മെയിന്‍ റോഡിലൂടെ പോയാല്‍ മതിയെന്ന് ആവശ്യപ്പെട്ടതോടെയാണ് മോശമായി സംസാരിക്കാന്‍ തുടങ്ങിയതെന്ന് വിദ്യാര്‍ത്ഥിനി പറയുന്നു.
മോശമായി സംസാരിച്ചതോടെ ഭയമായെന്നും പിന്നാലെ വണ്ടിയുടെ വേഗത കൂട്ടിയെന്നും വിദ്യാര്‍ത്ഥിനി പറഞ്ഞു. വേഗം കൂട്ടിയതോടെ വണ്ടിയില്‍ നിന്ന് ചാടാമെന്ന് കൂടെയുണ്ടായിരുന്ന കുട്ടിയോട് പറയുകയായിരുന്നു. പെണ്‍കുട്ടിയ്ക്ക് വാഹനത്തില്‍ നിന്ന് വീണ് പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ കൊല്ലം ഈസ്റ്റ് പോലീസ് അന്വേഷണമാരംഭിച്ചു.