കാക്കനാട്: ചേന നട്ടപ്പോൾ വളർന്നത് വാഴക്കുലയുടെ രൂപത്തിലുള്ള കായകൾ. അപൂർവ കാഴ്ച കാണാൻ ബഷീറിന്റെ വീട്ടിലേക്ക് ആളുകളുടെ ഒഴുക്ക്.
ഇടച്ചിറ അകംപുറത്ത് ബഷീറിന്റെ തൊടിയിൽ നട്ട ചേനവിത്ത് മുളച്ചുതുടങ്ങിയപ്പോഴാണ് കൗതുകകരമായ രൂപമാറ്റം ശ്രദ്ധയിൽപ്പെട്ടത്. ചേനയിൽ നിന്ന് വളർന്ന മുളയിൽ വാഴക്കുലയ്ക്ക് സമാനമായ രീതിയിൽ പടലതിരിഞ്ഞ് കായകൾ വിരിഞ്ഞതോടെ സംഭവം നാട്ടിൽ കൗതുകമായി.
ചേന പറമ്പിൽ നിന്ന് പറിച്ചെടുത്ത് വീട്ടുമുറ്റത്ത് പ്രദർശിപ്പിച്ചതോടെ അപൂർവ കാഴ്ച കാണാൻ നിരവധി പേരാണ് എത്തുന്നത്.
വിവരമറിഞ്ഞ് കാക്കനാട് കൃഷി ഓഫീസിൽ നിന്നെത്തിയ ഉദ്യോഗസ്ഥർ പരിശോധന നടത്തി. ചേനയിൽ മുളച്ചത് യഥാർഥ വാഴക്കുലയല്ലെന്നും ജനിതക മാറ്റം മൂലമാകാം ഇത്തരത്തിലുള്ള രൂപമാറ്റമെന്നും കൃഷിവകുപ്പ് അധികൃതർ പറഞ്ഞു.
എന്തായാലും നാട്ടുകാരുടെ കൗതുകമായി മാറിയിരിക്കുകയാണ് ഈ ‘ചേനവാഴക്കുല’. കാഴ്ച കാണാൻ ബഷീറിന്റെ വീട്ടിലേക്ക് സന്ദർശകരുടെ തിരക്കാണ്.




