പാലക്കാട്: പരുതൂരിൽ ക്ലാസ് മുറിയിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിക്ക് സഹപാഠിയുടെ വെടിയേറ്റ സംഭവത്തിൽ തോക്ക് കൊണ്ടുവന്ന വിദ്യാർഥിയുടെ മാതാവിനെതിരെ കേസെടുത്ത് പോലീസ്. ലൈസൻസില്ലാത്ത തോക്ക് കൈവശം വെച്ചതിനാണ് കേസ് രജിസ്റ്റർ ചെയ്തത്.
പിച്ചളപ്പിടിയുള്ള റിവോൾവറിൽ നിന്നാണ് വിദ്യാർഥിക്ക് വെടിയേറ്റത്. 11 ബുള്ളറ്റുകൾ നിറയ്ക്കാൻ ശേഷിയുള്ള റിവോൾവറിൽ സ്കൂളിലേക്ക് കൊണ്ടുവരുമ്പോൾ ആറു ബുള്ളറ്റുകൾ ഉണ്ടായിരുന്നതായാണ് വിവരം. .22 കാലിബർ വെടിയുണ്ടകൾ ഉപയോഗിക്കുന്ന തോക്കിൽ കിർക്കി ഫാക്ടറിയിൽ നിർമിച്ച പഴയ വെടിയുണ്ടകളാണ് ഉണ്ടായിരുന്നത്.
മുത്തച്ഛൻ മുമ്പ് ഉപയോഗിച്ചിരുന്ന തോക്ക് സുഹൃത്തുക്കളെ കാണിക്കാനാണ് സ്കൂളിലേക്ക് കൊണ്ടുവന്നതെന്നാണ് വിദ്യാർഥിയുടെ മൊഴി. സഹപാഠികൾക്ക് തോക്ക് കാണിക്കുന്നതിനിടെ അബദ്ധത്തിൽ വെടിപൊട്ടുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
എന്നാൽ ഉപയോഗിക്കാത്ത തോക്കിൽ എന്തിനാണ് വെടിയുണ്ടകൾ നിറച്ചുവെച്ചിരുന്നതെന്ന സംശയവും പോലീസിനുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.
അതേസമയം, വെടിയേറ്റ് പരിക്കേറ്റ വിദ്യാർഥി ചികിത്സയിൽ തുടരുകയാണ്. നിലവിൽ തീവ്രപരിചരണ വിഭാഗത്തിലുള്ള കുട്ടിയെ ആരോഗ്യനില മെച്ചപ്പെടുന്ന സാഹചര്യത്തിൽ വൈകിട്ടോടെ മുറിയിലേക്ക് മാറ്റിയേക്കുമെന്നാണ് വിവരം.




