കൊച്ചി: മലപ്പുറത്ത് ഫെയർനസ് ക്രീം ഉപയോഗിച്ചതിനെത്തുടർന്ന് വിദ്യാർഥിനിയുടെ വൃക്ക തകരാറിലായ സംഭവത്തിൽ എഫ് ട്യൂൺ ഫെയ്സ് ക്രീമിനെതിരെ അന്വേഷണം ഊർജിതമാക്കി. ക്രീമിന്റെ ഔദ്യോഗിക വെബ്സൈറ്റുകൾ പൂട്ടി. പരസ്യങ്ങളിൽ നൽകിയിരുന്ന ഫോൺ നമ്പറുകളും നിലവിൽ പ്രവർത്തനരഹിതമാണ്.
ഫോൺ നമ്പറുകളുടെ ഉടമകളെക്കുറിച്ചുള്ള വിവരങ്ങൾ തേടി ഡ്രഗ്സ് കൺട്രോൾ വകുപ്പ് സൈബർ സെല്ലിന് കത്ത് നൽകി. വിദ്യാർഥിനിയുടെ പരാതിയിൽ വിശദമായ മൊഴിയും വകുപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, വ്യാജ ഫെയർനസ് ക്രീമുകളുടെ ഉറവിടം കണ്ടെത്താൻ അന്വേഷണ സംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. നേരത്തെ പൊലീസും ഡ്രഗ്സ് കൺട്രോൾ വകുപ്പും പരിശോധനകൾ നടത്തിയിരുന്നെങ്കിലും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിൽ വീഴ്ചയുണ്ടായെന്നാണ് വിലയിരുത്തൽ.
എഫ് ട്യൂണുമായി ബന്ധപ്പെട്ട വെബ്സൈറ്റുകളിൽ നാല് ഫോൺ നമ്പറുകളാണ് ഉപയോഗിച്ചിരുന്നത്. ഇതിൽ പ്രധാനിയെന്ന് കരുതുന്ന കാസർകോട് സ്വദേശിനിയുടെ നമ്പറും ഇപ്പോൾ പ്രവർത്തനരഹിതമാണ്. അന്വേഷണ സംഘത്തിന്റെ ഇടപെടലിനെത്തുടർന്നാണ് വെബ്സൈറ്റുകൾ അടച്ചതെന്നാണ് വിവരം.
കഴിഞ്ഞ ദിവസം മലപ്പുറത്തെ വിവിധ കേന്ദ്രങ്ങളിലും കോഴിക്കോട് കേന്ദ്രീകരിച്ചും അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു. ഈ രണ്ട് ജില്ലകളിലാണ് ഇത്തരം ഫെയർനസ് ക്രീമുകൾ വ്യാപകമായി വിറ്റഴിക്കപ്പെടുന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ക്രീമുകൾ വിപണിയിലെത്തിക്കുന്ന വഴികൾ കണ്ടെത്തി വിൽപന പൂർണമായും തടയുകയാണ് ലക്ഷ്യം.
എന്നാൽ വിവിധ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ എഫ് ട്യൂൺ ക്രീം ഇപ്പോഴും വിൽപനയ്ക്ക് ലഭ്യമാണെന്നത് ആശങ്ക വർധിപ്പിക്കുന്നുണ്ട്.
നേരത്തെ ഇത്തരം ക്രീമുകൾ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്ന സമയത്ത്, വിദേശത്തുനിന്ന് ബൾക്കായി എത്തിക്കുന്ന ക്രീമുകൾ ഇന്ത്യയിൽ റീപാക്ക് ചെയ്ത് വിവിധ ബ്രാൻഡുകളുടെ പേരിൽ വിൽക്കുന്നതായി കണ്ടെത്തിയിരുന്നു. എന്നാൽ റീപാക്കിങ് നടത്തുന്നത് ആരാണെന്നോ ഉൽപന്നങ്ങളുടെ ഉടമസ്ഥാവകാശവും വിപണനാവകാശവും ആർക്കാണെന്നോ കണ്ടെത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിരുന്നില്ല.
നേരത്തെ വിറ്റഴിച്ച അതേ ക്രീമുകൾ ഇപ്പോൾ മറ്റ് ബ്രാൻഡുകളുടെ പേരിൽ വിപണിയിലെത്തുന്നുവെന്നാണ് റിപ്പോർട്ടുകൾ. നിലവിലെ സംഭവത്തിലും ക്രീമുകളുടെ പാക്കിങ് കേന്ദ്രങ്ങൾ കാസർകോടാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
ദുബായ്, പാകിസ്ഥാൻ, ചൈന എന്നിവിടങ്ങളിൽനിന്ന് ബൾക്കായി എത്തിക്കുന്ന ക്രീമുകൾ കാസർകോട് വെച്ച് റീപാക്ക് ചെയ്യുകയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിച്ച് അന്വേഷണം ശക്തമാക്കാനാണ് പൊലീസിന്റെ തീരുമാനം.




