ദുബായ്: റാസൽഖൈമയിലെ അൽ വതർ റോഡിലുണ്ടായ വാഹനാപകടത്തിൽ മലയാളികളടക്കം 13 പേർ മരിച്ചു. മരിച്ചവരിൽ തലശ്ശേരി സ്വദേശി സങ്കീർത്ത സുരേഷ് (26), മട്ടന്നൂർ സ്വദേശിയായ മറ്റൊരാൾ എന്നിവരുണ്ടെന്ന് സ്ഥിരീകരിച്ചു. രണ്ടാമത്തെ മലയാളിയുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അപകടത്തിൽ കൂടുതൽ മലയാളികൾ മരിച്ചതായും അനൗദ്യോഗിക റിപ്പോർട്ടുകളുണ്ട്.
അപകടത്തിൽ മരിച്ച 13 പേരെയും തിരിച്ചറിയാനുള്ള നടപടികൾ തുടരുകയാണ്. മലയാളിയടക്കം രണ്ട് ഇന്ത്യക്കാരുടെ മൃതദേഹങ്ങളാണ് ഇതുവരെ ബന്ധുക്കൾ തിരിച്ചറിഞ്ഞത്. ആന്ധ്രാപ്രദേശ് സ്വദേശി വിനോദ് കുമാർ (31) ആണ് മരിച്ച മറ്റൊരു ഇന്ത്യക്കാരൻ.
അപകടത്തിൽ മരിച്ച 13 പേരിൽ 11 പേരും ഇന്ത്യക്കാരാണെന്നാണ് വിവരം. മറ്റ് രണ്ടുപേരിൽ ഒരാൾ ഫിലിപ്പീൻസ് സ്വദേശിയും മറ്റൊരാൾ ശ്രീലങ്കൻ സ്വദേശിയുമാണ്.
ഒമാനിൽ വിസ പുതുക്കി മടങ്ങുകയായിരുന്ന പ്രവാസികളാണ് അപകടത്തിൽപ്പെട്ട ബസിലുണ്ടായിരുന്നത്. മലയാളിയുടെ ഉടമസ്ഥതയിലുള്ള ട്രാവൽസ് കമ്പനിയുടെ ബസാണ് അപകടത്തിൽപ്പെട്ടതെന്നാണ് വിവരം.
സാങ്കേതിക തകരാറിനെത്തുടർന്ന് റോഡരികിൽ നിർത്തിയിട്ടിരുന്ന ബസിലേക്ക് ട്രക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടസമയത്ത് ബസിൽ 41 യാത്രക്കാരുണ്ടായിരുന്നു. 26 പേർക്ക് പരിക്കേറ്റതായി യുഎഇ നാഷണൽ ആംബുലൻസ് അറിയിച്ചു. പരിക്കേറ്റവരിൽ 14 പേരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ 12 പേർ ചികിത്സയ്ക്കുശേഷം ആശുപത്രി വിട്ടു.
അപകടത്തിൽപ്പെട്ട ഇന്ത്യക്കാരുടെയും മരിച്ചവരുടെയും വിവരങ്ങൾ ലഭ്യമാക്കുന്നതിനായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ് ലൈൻ ആരംഭിച്ചിട്ടുണ്ട്.
സഹായം ആവശ്യമുള്ളവർക്ക് 800 463442 എന്ന നമ്പറിൽ ബന്ധപ്പെടാം.




