സിംല: ഏഴ് വയസ്സുകാരനായ ചെറുമകന്റെ മുടി മുറിച്ച് മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയുമായി മുത്തച്ഛൻ. ഹിമാചൽ പ്രദേശിലെ മാണ്ടിയിലാണ് സംഭവം. സിഖ് മതവിശ്വാസിയായ 72കാരനാണ് സ്വന്തം മരുമകൾക്കെതിരെ പൊലീസിൽ പരാതി നൽകിയത്.
സിഖ് മതാചാരങ്ങൾ ലംഘിച്ച് മനഃപൂർവം നിർബന്ധിച്ച് കുട്ടിയുടെ മുടി മുറിക്കുകയായിരുന്നുവെന്നാണ് പരാതിയിലെ ആരോപണം. സിഖ് മതവിശ്വാസത്തിൽ മുടി മുറിക്കാതെ സൂക്ഷിക്കുന്നതിന് വലിയ മതപരമായ പ്രാധാന്യമുണ്ട്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ യുവതിക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും നവംബർ 21ന് നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നു.
മാണ്ടിയിലെ ഒരു സ്വകാര്യ സ്കൂളിലെ വിദ്യാർഥിയാണ് ഏഴ് വയസ്സുകാരൻ. സംഭവത്തിൽ യുവതിക്കെതിരെ പൊലീസ് കേസെടുത്തു.
യുവതിയുടെയും മറ്റ് ബന്ധപ്പെട്ടവരുടെയും മൊഴി രേഖപ്പെടുത്തിയ ശേഷം പരാതിക്ക് ആധാരമായ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.




