ശബരിമല: പമ്പ നദിയിലും സ്നാനഘട്ടങ്ങളിലും വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നതിന് കർശന നിരോധനം ഏർപ്പെടുത്തി. നിയമം ലംഘിക്കുന്നവരിൽ നിന്ന് 5,000 രൂപ വരെ പിഴ ഈടാക്കും. പിഴ അടയ്ക്കാത്തവർക്കെതിരെ പ്രോസിക്യൂഷൻ ഉൾപ്പെടെയുള്ള നിയമനടപടികളും സ്വീകരിക്കും. ശബരിമല എ.ഡി.എം ദിലീപ് കെ. കൈനിക്കരയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.
മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്ത് പമ്പ നദിയിലെയും സ്നാനഘട്ടങ്ങളിലെയും മലിനീകരണം തടയുകയാണ് നടപടിയുടെ ലക്ഷ്യം. നവംബർ 22 മുതൽ രണ്ട് മാസത്തേക്കാണ് നിരോധന ഉത്തരവ് പ്രാബല്യത്തിൽ വരുന്നത്.
ആവർത്തിച്ച് നിർദേശങ്ങൾ നൽകിയിട്ടും തീർത്ഥാടകർ പമ്പയിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നത് തുടരുന്ന സാഹചര്യത്തിലാണ് നടപടി. ദിവസവും ടൺ കണക്കിന് വസ്ത്രങ്ങളാണ് പമ്പയിൽ നിന്ന് നീക്കം ചെയ്യേണ്ടി വരുന്നത്.
പമ്പയിലോ കൈവഴികളിലോ സ്നാനഘട്ടങ്ങളിലോ ഉപയോഗിച്ച വസ്ത്രങ്ങൾ, തുണിത്തരങ്ങൾ, മറ്റ് വ്യക്തിഗത വസ്തുക്കൾ എന്നിവ ഉപേക്ഷിക്കുന്നതിനും നിക്ഷേപിക്കുന്നതിനും വിലക്കുണ്ട്. നദിയിലും തീരങ്ങളിലും പൊതുസ്ഥലങ്ങളിലും പ്ലാസ്റ്റിക്, ഖരമാലിന്യങ്ങൾ, ജൈവമാലിന്യങ്ങൾ എന്നിവ തള്ളുന്നതും നിരോധിച്ചിട്ടുണ്ട്.
ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ 163-ാം വകുപ്പ്, കേരള പഞ്ചായത്ത് രാജ് നിയമം എന്നിവ പ്രകാരമാണ് നടപടി. നിയമലംഘകരിൽ നിന്ന് 5,000 രൂപ വരെ തത്സമയ പിഴ ഈടാക്കും. 15 ദിവസത്തിനകം പിഴ അടച്ചില്ലെങ്കിൽ പ്രോസിക്യൂഷൻ ഉൾപ്പെടെയുള്ള തുടർനടപടികൾ സ്വീകരിക്കും.
പമ്പ ഡ്യൂട്ടി മജിസ്ട്രേറ്റ്, പമ്പ പോലീസ് സ്പെഷ്യൽ ഓഫീസർ, റാന്നി-പെരുനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവർക്കാണ് പിഴ ഈടാക്കാനുള്ള അധികാരം നൽകിയിരിക്കുന്നത്. നദീതീരങ്ങളിലും സ്നാനഘട്ടങ്ങളിലും പരിശോധന ശക്തമാക്കാനും നിർദേശമുണ്ട്.
പമ്പ, നിലയ്ക്കൽ, സന്നിധാനം എന്നിവിടങ്ങളിലെ ലക്ഷക്കണക്കിന് തീർത്ഥാടകരുടെയും പ്രദേശവാസികളുടെയും പ്രധാന കുടിവെള്ള സ്രോതസ്സാണ് പമ്പ നദി. ജലമലിനീകരണവും ജലജന്യ രോഗങ്ങളുടെ സാധ്യതയും കണക്കിലെടുത്താണ് നിയന്ത്രണങ്ങൾ കർശനമാക്കുന്നത്.
പിഴയായി ലഭിക്കുന്ന തുക റാന്നി-പെരുനാട് ഗ്രാമപഞ്ചായത്തിന്റെ തനത് ഫണ്ടിൽ ഉൾപ്പെടുത്തും. ഈ തുക പൂർണമായും ശബരിമലയിലെയും പമ്പയിലെയും ശുചീകരണം, മാലിന്യ സംസ്കരണം, നദീശുദ്ധീകരണം തുടങ്ങിയ പ്രവർത്തനങ്ങൾക്കായി മാത്രം വിനിയോഗിക്കണമെന്നും ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്.




