തെഹ്റാൻ: ഹോർമുസ് കടലിടുക്കിലെ ഇറാന്റെ തന്ത്രപ്രധാനമായ ഖ്വേഷം ദ്വീപിൽ അമേരിക്കൻ സൈന്യം ആക്രമണം നടത്തിയതായി റിപ്പോർട്ട്. ചൊവ്വാഴ്ച വൈകുന്നേരം ദ്വീപിൽ അഞ്ച് മുതൽ ആറ് വരെ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ റിപ്പോർട്ട് ചെയ്തു. എന്നാൽ ആക്രമണത്തിൽ താമസകേന്ദ്രങ്ങൾക്കോ വാണിജ്യ സ്ഥാപനങ്ങൾക്കോ അടിസ്ഥാന സൗകര്യങ്ങൾക്കോ നാശനഷ്ടമുണ്ടായിട്ടില്ലെന്നാണ് ഇറാന്റെ പ്രാദേശിക ഉദ്യോഗസ്ഥർ അറിയിച്ചത്.
അതേസമയം, ബഹ്റൈനിലെ ഷെയ്ഖ് ഈസ വ്യോമതാവളത്തിൽ അമേരിക്കൻ സൈന്യം പ്രവർത്തിപ്പിക്കുന്ന റഡാർ സംവിധാനത്തിന് നേരെ ഡ്രോൺ ആക്രമണം നടത്തിയതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്സ് അവകാശപ്പെട്ടു. ഹോർമുസ് കടലിടുക്കിലെ സംഘർഷം തുടരുന്നതിനിടെ മൂന്ന് എണ്ണക്കപ്പലുകൾ നാവിക മൈനുകളിൽ തട്ടിയതായും ഇറാൻ സായുധസേന അറിയിച്ചു. എന്നാൽ കടലിടുക്കിലെ പ്രധാന കപ്പൽപാതകളിൽനിന്ന് മൈനുകൾ നീക്കം ചെയ്തതായി അമേരിക്ക അവകാശപ്പെടുന്നു.
അതിനിടെ, അമേരിക്കയ്ക്കെതിരെ ‘ഡേർട്ടി ബോംബ്’ ഉപയോഗിക്കാൻ ഇറാൻ പദ്ധതിയിടുന്നുവെന്ന മാധ്യമ റിപ്പോർട്ടുകൾ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി തള്ളി. ഇറാനെതിരെ ഇസ്രയേൽ നടത്തുന്ന വ്യാജപ്രചാരണങ്ങളുടെ ഭാഗമാണ് ഇത്തരം വാർത്തകളെന്നും അദ്ദേഹം ആരോപിച്ചു. സാധാരണ സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് റേഡിയോ ആക്ടീവ് വസ്തുക്കൾ വ്യാപിപ്പിക്കുന്ന ഉപകരണമാണ് ഡേർട്ടി ബോംബ്.
ഇതിനിടെ പശ്ചിമേഷ്യയിലെ സംഘർഷസാഹചര്യങ്ങൾ ചർച്ച ചെയ്യാൻ ഒമാനിൽ ഖത്തർ പ്രതിനിധി സംഘവുമായി അരാഗ്ചി കൂടിക്കാഴ്ച നടത്തി. മേഖലയിലെ രാജ്യങ്ങൾ തമ്മിലുള്ള കൂടിയാലോചനകൾ ശക്തമാക്കണമെന്നും പുറത്തുനിന്നുള്ള ശക്തികളുടെ ഇടപെടലുകൾ മൂലമുണ്ടാകുന്ന അസ്ഥിരത ചെറുക്കാൻ പ്രാദേശിക രാജ്യങ്ങൾ ഒരുമിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആഗോള എണ്ണ വിതരണത്തിന്റെ ഏകദേശം അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിലെ സംഘർഷം തുടരുന്നത് അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിലും ഊർജ വിപണിയിലും ആശങ്ക വർധിപ്പിക്കുകയാണ്.




