കൊച്ചി: ഡിജെ പാർട്ടികളെ മുൻവിധിയോടെ കാണാൻ കഴിയില്ലെന്ന് ഹൈക്കോടതി. ഡിജെ പാർട്ടികളിലാണ് ലഹരി ഉപയോഗം നടക്കുന്നതെന്ന ധാരണ ശരിയല്ലെന്നും നൃത്തം ചെയ്യുന്നത് മയക്കുമരുന്ന് ഉപയോഗത്തിന് കാരണമാകുമെന്ന് എങ്ങനെ പറയാനാകുമെന്നും കോടതി ചോദിച്ചു.
ബാറുകളിൽ പാട്ട് കേൾക്കാനോ നൃത്തം ചെയ്യാനോ പാടില്ലെന്ന് പറയാൻ കഴിയുമോയെന്നും പള്ളികളിലും അമ്പലങ്ങളിലും ആളുകൾ നൃത്തം ചെയ്യാറില്ലേയെന്നും കോടതി നിരീക്ഷിച്ചു. ആളുകൾ സന്തോഷിക്കാനാണ് ഇത്തരം പാർട്ടികളിൽ പങ്കെടുക്കുന്നത്. മദ്യാസക്തി ബാറുകളിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
രാത്രികാലങ്ങളിൽ സിനിമയ്ക്ക് പോകുന്നതൊഴിച്ചാൽ കേരളത്തിൽ മറ്റ് എന്താണ് ചെയ്യാനുള്ളതെന്നും നൈറ്റ് ലൈഫ് എങ്ങനെ നിരോധിക്കാനാകുമെന്നും കോടതി ചോദിച്ചു. ഡിജെ പാർട്ടികളുമായി ബന്ധപ്പെട്ട് പൊലീസ് എടുത്ത എഫ്ഐആറിൽ വിശദീകരണം നൽകേണ്ടിവരുമെന്നും കോടതി വ്യക്തമാക്കി.
പഞ്ചനക്ഷത്ര ഹോട്ടലുകളിലെ ഡിജെ പാർട്ടികൾക്കും പ്രവർത്തന സമയത്തിനും കൊച്ചി സിറ്റി പൊലീസ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീൽ പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ നിരീക്ഷണം.
ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രനും ബസന്ത് ബാലാജിയും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്. നക്ഷത്ര ഹോട്ടലുകളിലെ ഡിജെ പാർട്ടികൾക്കും പ്രവർത്തന സമയത്തിനും നിയന്ത്രണമേർപ്പെടുത്തി കൊച്ചി സിറ്റി പൊലീസ് നേരത്തെ നോട്ടീസ് നൽകിയിരുന്നു. ഈ നടപടിയാണ് സിംഗിൾ ബെഞ്ച് റദ്ദാക്കിയത്.
ഡിജെ പാർട്ടികളെയും നൈറ്റ് ലൈഫിനെയും ലഹരി ഉപയോഗവുമായി ബന്ധപ്പെടുത്തി പൊതുവായി വിലയിരുത്താനാകില്ലെന്ന കോടതിയുടെ നിരീക്ഷണം ശ്രദ്ധേയമായി.




