കൊച്ചി: സൈബർ തട്ടിപ്പുകൾക്കെതിരെ ബോധവത്കരണം ശക്തമാകുമ്പോഴും തട്ടിപ്പുകാരുടെ വലയിൽ കുടുങ്ങുന്നവരുടെ എണ്ണം കുറയുന്നില്ല. മോട്ടോർ വാഹന വകുപ്പിന്റെ സേവനങ്ങൾക്കായി ഉപയോഗിക്കുന്ന എം-പരിവാഹൻ ആപ്പിന്റെ പേരിൽ വ്യാജ ആപ്പുകളും ഇ-ചലാൻ ലിങ്കുകളും പ്രചരിപ്പിച്ച് പണം തട്ടുന്ന സംഭവങ്ങൾ സംസ്ഥാനത്ത് വ്യാപകമാകുകയാണ്. സമീപ ദിവസങ്ങളിൽ വിവിധ ജില്ലകളിലായി നിരവധി പേർക്കാണ് ലക്ഷക്കണക്കിന് രൂപ നഷ്ടമായത്.
ഇ-ചലാന്റെ പേരിൽ എറണാകുളം തോപ്പുംപടി സ്വദേശിക്ക് 94,000 രൂപയോളം നഷ്ടമായി. വ്യാജ ലിങ്ക് അയച്ച് മൊബൈൽ ഫോൺ ഹാക്ക് ചെയ്താണ് തട്ടിപ്പ് നടത്തിയത്. കോഴിക്കോട് വടകരയിലും സമാനമായ തട്ടിപ്പ് റിപ്പോർട്ട് ചെയ്തു. ഡ്രൈവർക്ക് ഒരു ലക്ഷം രൂപയാണ് നഷ്ടമായത്. സംഭവത്തിൽ റൂറൽ സൈബർ പൊലീസ് കേസെടുത്തു. ബാങ്കിലെത്തി അക്കൗണ്ട് മരവിപ്പിച്ചതിനാൽ കൂടുതൽ പണം നഷ്ടമായില്ല.
കണ്ണൂർ ന്യൂമാഹിയിൽ ഫോൺ അപ്ഡേറ്റ് ചെയ്യുന്നതിനുള്ള പോപ്പ്-അപ്പ് സന്ദേശം തുറന്ന സ്വദേശി ശരേഷിന് 61,000 രൂപ നഷ്ടമായി. ഫേസ്ബുക്കിലെ പരസ്യത്തിൽ ക്ലിക്ക് ചെയ്ത ഉമ്മൻചിറ സ്വദേശിനി ദർശനയ്ക്കും കാൽലക്ഷത്തിലേറെ രൂപ നഷ്ടപ്പെട്ടു. ധനി ഫിനാൻസ് എന്ന പേരിൽ ഫേസ്ബുക്കിൽ നൽകിയ പരസ്യത്തിലൂടെ 30 ലക്ഷം രൂപ വായ്പ വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. വായ്പ ലഭിക്കാനെന്ന പേരിൽ 26,000 രൂപ തട്ടിയെടുക്കുകയായിരുന്നു.
കഴിഞ്ഞ ദിവസങ്ങളിലും സംസ്ഥാനത്ത് വൻതോതിലുള്ള സൈബർ സാമ്പത്തിക തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്തിരുന്നു. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ പേര് ദുരുപയോഗം ചെയ്ത് നടത്തിയ തട്ടിപ്പിൽ കോഴിക്കോട് നടുവണ്ണൂർ സ്വദേശിക്ക് ഒന്നരക്കോടിയോളം രൂപയാണ് നഷ്ടമായത്. ഫേസ്ബുക്കിൽ പ്രചരിച്ച എ.ഐ വീഡിയോ വിശ്വസിച്ചാണ് ഇയാൾ പണം കൈമാറിയത്. 30 തവണകളിലായി 1 കോടി 45 ലക്ഷം രൂപയാണ് തട്ടിപ്പുകാർ കൈക്കലാക്കിയത്.
കണ്ണൂരിൽ സൈബർ സാമ്പത്തിക തട്ടിപ്പിനിരയായ പട്ടാന്നൂർ സ്വദേശിക്ക് രണ്ട് തവണകളിലായി 2,79,000 രൂപ നഷ്ടമായി. ഇയാളുടെ മൊബൈൽ ഫോണിൽ എം-പരിവാഹന്റെ പേരിലുള്ള വ്യാജ ആപ്പും കണ്ടെത്തി.
എറണാകുളത്ത് ഗൂഗിൾ പേ വഴിയുള്ള തട്ടിപ്പിൽ മട്ടാഞ്ചേരി സ്വദേശികളായ അരുൺ ഫെർണാണ്ടസിനും അനൂപ് കൃഷ്ണനും പണം നഷ്ടമായി. പല തവണകളിലായി ഒരു ലക്ഷം രൂപയാണ് ഇരുവരിൽനിന്നും തട്ടിയെടുത്തത്. ഗൂഗിൾ പേ ഹാക്ക് ചെയ്തായിരുന്നു തട്ടിപ്പ്.
വാഹന പിഴ, വായ്പാ വാഗ്ദാനം, ഫോൺ അപ്ഡേറ്റ്, സാമൂഹിക മാധ്യമങ്ങളിലെ പരസ്യങ്ങൾ തുടങ്ങി വിവിധ മാർഗങ്ങളിലൂടെയാണ് തട്ടിപ്പുകാർ ആളുകളെ ലക്ഷ്യമിടുന്നത്. അപരിചിതമായ ലിങ്കുകൾ തുറക്കുന്നതും വിശ്വാസയോഗ്യമല്ലാത്ത എപികെ ഫയലുകൾ ഇൻസ്റ്റാൾ ചെയ്യുന്നതും ഒഴിവാക്കണമെന്ന് സൈബർ സുരക്ഷാ മുന്നറിയിപ്പുകൾ വ്യക്തമാക്കുന്നു.




