കോഴിക്കോട് മുക്കം ബസ് സ്റ്റാൻഡിൽ വയോധികയെ കബളിപ്പിച്ച് മുക്കാൽ പവന്റെ സ്വർണക്കമ്മൽ തട്ടിയെടുത്തു. കാരശ്ശേരി കറുത്തപറമ്പ് സ്വദേശിനി വലിയപറമ്പിൽ ഫാത്തിമ (62) ആണ് തട്ടിപ്പിനിരയായത്. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി.
രണ്ട് ദിവസം മുൻപായിരുന്നു സംഭവം. താമരശ്ശേരി ഭാഗത്തുനിന്ന് ബസിലെത്തി മുക്കം സ്റ്റാൻഡിൽ ഇറങ്ങിയ ഫാത്തിമയെ ‘ഉമ്മാ’ എന്ന് വിളിച്ചാണ് തട്ടിപ്പുകാരൻ സമീപിച്ചത്. തന്നെ മനസ്സിലായോ എന്ന് ചോദിച്ച് സംസാരിച്ച ഇയാൾ, മകന്റെ സുഹൃത്താണെന്നും കുടുംബത്തെക്കുറിച്ച് അറിയാമെന്നും പറഞ്ഞ് വയോധികയുടെ വിശ്വാസം നേടിയെടുത്തു.
തുടർന്ന് പാവപ്പെട്ടവർക്ക് അഞ്ച് മുതൽ പത്ത് ലക്ഷം രൂപ വരെ ധനസഹായം ലഭിക്കുന്ന പദ്ധതിയുണ്ടെന്നും താനാണ് അതിന്റെ ഏജന്റെന്നും ഇയാൾ വിശ്വസിപ്പിച്ചു. മുൻകൂറായി പണം നൽകേണ്ടതില്ലെന്നും നടപടിക്രമങ്ങൾക്കായി 20,800 രൂപ ആവശ്യമുണ്ടെന്നും പറഞ്ഞു.
പിന്നീട് ഫാത്തിമയുടെ കൈയിൽനിന്ന് മൊബൈൽ ഫോൺ വാങ്ങിയ ഇയാൾ മകനോട് സംസാരിക്കുന്നതുപോലെ അഭിനയിച്ചു. പണത്തിന് പകരം കൈവശമുള്ള സ്വർണം നൽകാനാണ് മകൻ പറഞ്ഞിരിക്കുന്നതെന്ന് വിശ്വസിപ്പിച്ചതോടെ ഫാത്തിമ തന്റെ മുക്കാൽ പവന്റെ കമ്മൽ ഊരി നൽകുകയായിരുന്നു.
നാളെ വിളിക്കാമെന്ന് പറഞ്ഞ് ഇയാൾ സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. വീട്ടിലെത്തിയ ഫാത്തിമയോട് മക്കൾ കമ്മൽ എവിടെയെന്ന് ചോദിച്ചപ്പോഴാണ് തട്ടിപ്പിന്റെ വിവരം പുറത്തറിയുന്നത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രതിയെ കണ്ടെത്തുന്നതിനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.




