ചാരുംമൂട്: താമരക്കുളത്ത് ഇരുതലമൂരിയെന്ന് സംശയിച്ച് പിടികൂടിയ പാമ്പ് വിഷമില്ലാത്ത കവചവാലനാണെന്ന് വനപാലകർ സ്ഥിരീകരിച്ചു.
താമരക്കുളം ജംഗ്ഷന് കിഴക്കുഭാഗത്തുള്ള മണിയൻപിള്ളയുടെ സ്റ്റേഷനറി കടയുടെ തിണ്ണയിലാണ് കഴിഞ്ഞ ദിവസം സന്ധ്യയോടെ പാമ്പിനെ കണ്ടെത്തിയത്. ഒറ്റനോട്ടത്തിൽ ഇരുതലമൂരിയെന്ന് തോന്നിയതോടെ കടയുടമയും നാട്ടുകാരും ചേർന്ന് പാമ്പിനെ പ്ലാസ്റ്റിക് ഭരണിയിലാക്കി.
വിവരമറിഞ്ഞെത്തിയ വാർഡ് മെമ്പർ റെനി തോമസ് വനംവകുപ്പ് ഉദ്യോഗസ്ഥരെയും പൊലീസിനെയും അറിയിച്ചു. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം പാമ്പിന്റെ ചിത്രങ്ങളും വീഡിയോയും അയച്ചുനൽകി.
പരിശോധനയിലാണ് പാമ്പ് ഇരുതലമൂരിയല്ലെന്നും പശ്ചിമഘട്ട വനമേഖലയിൽ കാണപ്പെടുന്ന വിഷമില്ലാത്ത കവചവാലനാണെന്നും സ്ഥിരീകരിച്ചത്. അപൂർവമായി മാത്രം നാട്ടിൻപുറങ്ങളിൽ കാണപ്പെടുന്ന കവചവാലനെ വനപാലകരുടെ നിർദേശപ്രകാരം പിന്നീട് സുരക്ഷിതമായി തുറന്നുവിട്ടു.




