ഇന്ത്യൻ സിനിമയിലെ സകലകലാവല്ലഭൻ കമൽഹാസന് ഇന്ന് 72-ാം പിറന്നാൾ. ആറാം വയസ്സിൽ ബാലതാരമായി സിനിമയിലെത്തിയ താരം ആറ് പതിറ്റാണ്ടിലേറെയായി ഇന്ത്യൻ സിനിമയുടെ വിവിധ മേഖലകളിൽ നിറഞ്ഞുനിൽക്കുകയാണ്.
അഭിനേതാവ് എന്നതിലുപരി തിരക്കഥാകൃത്ത്, സംവിധായകൻ, നിർമാതാവ്, ഗായകൻ, ഗാനരചയിതാവ് തുടങ്ങി സിനിമയുടെ സമസ്ത മേഖലകളിലും തന്റെ പ്രതിഭ തെളിയിച്ച കലാകാരനാണ് കമൽഹാസൻ. 1960ൽ പുറത്തിറങ്ങിയ ‘കളത്തൂർ കണ്ണമ്മ’യിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ച കമലിന് മികച്ച ബാലതാരത്തിനുള്ള രാഷ്ട്രപതിയുടെ സ്വർണമെഡലും ലഭിച്ചു.
അസാധാരണമായ അഭിനയമികവ്, നൃത്തത്തിലെ വൈദഗ്ധ്യം, ആക്ഷൻ രംഗങ്ങളിലെ മികവ് തുടങ്ങി നിരവധി പ്രത്യേകതകളാണ് കമൽഹാസനെ വേറിട്ടുനിർത്തുന്നത്.
‘നായകൻ’, ‘മൂന്നാം പിറൈ’, ‘ഗുണ’, ‘തേവർ മകൻ’, ‘അൻപേ ശിവം’, ‘ഇന്ത്യൻ’, ‘ദശാവതാരം’, ‘വിശ്വരൂപം’, ‘വിക്രം’, ‘പാപനാശം’, ‘കൽക്കി’, ‘മൈക്കൽ മദന കാമരാജൻ’, ‘പുഷ്പക വിമാനം’, ‘സാഗരസംഗമം’ തുടങ്ങി വൈവിധ്യമാർന്ന കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച താരമാണ് അദ്ദേഹം.
ഓരോ കഥാപാത്രത്തിലും പുതിയ പരീക്ഷണങ്ങൾ നടത്തിയ കമൽഹാസൻ ഇന്ത്യൻ സിനിമയിലെ അഭിനയപ്രതിഭകളിൽ തന്റേതായ ഇടം ഉറപ്പിച്ചു. സിനിമയോടുള്ള അടങ്ങാത്ത പ്രണയവുമായി ഉലകനായകൻ ഇനിയും നിരവധി വർഷങ്ങൾ വെള്ളിത്തിരയിൽ നിറഞ്ഞുനിൽക്കട്ടെയെന്നാണ് ആരാധകരുടെ ആശംസ.




