തൃശൂർ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ കുടുംബത്തിലെ ഒൻപത് പേരെ നഷ്ടപ്പെട്ട ശ്രുതി വിവാഹിതയായി. വയനാട് കളക്ടറേറ്റിലെ ജീവനക്കാരനും മാനന്തവാടി സ്വദേശിയുമായ സന്ദീപാണ് വരൻ. ഗുരുവായൂരിൽ വെച്ചായിരുന്നു വിവാഹം.
മുൻ മന്ത്രിയും എം.എൽ.എയുമായ കെ. രാജൻ വിവാഹച്ചടങ്ങിൽ സാന്നിധ്യമായി. ജീവിതത്തിലെ പ്രതിസന്ധികളെല്ലാം അറിഞ്ഞ് തന്നെ ചേർത്തുപിടിച്ച വ്യക്തിയാണ് സന്ദീപെന്ന് ശ്രുതി പ്രതികരിച്ചു. പുതിയ ജീവിതത്തിൽ സന്തോഷമുണ്ടാകട്ടെയെന്ന് പ്രാർത്ഥിക്കുന്നതായും ശ്രുതി പറഞ്ഞു. ജീവിതത്തിലെ പുതിയ തുടക്കമാണിതെന്ന് സന്ദീപും പ്രതികരിച്ചു.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ അക്കൗണ്ടന്റായി ജോലി ചെയ്യുന്നതിനിടെയാണ് 2024 ജൂലൈ 30-ന് ഉണ്ടായ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൽ ശ്രുതിക്ക് അച്ഛനും അമ്മയും സഹോദരിയും ഉൾപ്പെടെ കുടുംബത്തിലെ ഒൻപത് പേരെ നഷ്ടമായത്. കോഴിക്കോട് ആയിരുന്നതിനാൽ ശ്രുതി ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടു.
ദുരന്തത്തിൽ തളർന്ന ശ്രുതിക്ക് താങ്ങായി നിന്നത് പ്രതിശ്രുത വരനായ അമ്പലവയൽ ആണ്ടൂർ സ്വദേശി ജെൻസനായിരുന്നു. എന്നാൽ 2024 സെപ്റ്റംബർ 10-ന് ഉണ്ടായ വാഹനാപകടത്തിൽ ജെൻസനും മരിച്ചു. അപകടത്തിൽ ശ്രുതിക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. 2024 ഡിസംബറിൽ നടത്താനിരുന്ന ഇരുവരുടെയും വിവാഹവും ഇതോടെ മുടങ്ങി.
ശ്രുതിക്ക് സർക്കാർ ജോലി ഉറപ്പാക്കുമെന്ന് അന്നത്തെ മന്ത്രിയായിരുന്ന കെ. രാജൻ നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിൽ റവന്യൂ വകുപ്പിൽ ക്ലർക്ക് തസ്തികയിൽ ജോലി ലഭിച്ചു. 2024 ഡിസംബർ ഒൻപതിനാണ് ശ്രുതി ജോലിയിൽ പ്രവേശിച്ചത്. ഇതിനിടെയാണ് സന്ദീപുമായി പരിചയപ്പെടുന്നതും പിന്നീട് വിവാഹത്തിലേക്ക് എത്തുന്നതും.
ഒട്ടേറെ വേദനകൾ അതിജീവിച്ച ശ്രുതിയുടെ ജീവിതത്തിൽ പുതിയൊരു അധ്യായത്തിന് തുടക്കമായിരിക്കുകയാണ്.




