പെട്രോളിൽ അനുവദനീയമായതിലും കൂടുതൽ എഥനോൾ; എണ്ണക്കമ്പനികൾക്കെതിരെ നടപടിക്കൊരുങ്ങി കർണാടക സർക്കാർ

ബെംഗളൂരു: സംസ്ഥാനത്ത് വിതരണം ചെയ്യുന്ന പെട്രോളിൽ അനുവദനീയമായ പരിധിയായ 20 ശതമാനത്തേക്കാൾ കൂടുതൽ എഥനോൾ കണ്ടെത്തിയെന്ന ഗുരുതര ആരോപണവുമായി കർണാടക സർക്കാർ. ചില പെട്രോൾ സാമ്പിളുകളിൽ 31.2 ശതമാനം വരെ എഥനോൾ കണ്ടെത്തിയെന്നാണ് ലബോറട്ടറി പരിശോധനാ റിപ്പോർട്ടുകൾ ഉദ്ധരിച്ച് ഉപഭോക്തൃകാര്യ മന്ത്രി റിസ്വാൻ അർഷാദ് വ്യക്തമാക്കിയത്.

ബെംഗളൂരു, കോലാർ, ചിക്കബല്ലാപുര, ബെംഗളൂരു റൂറൽ, രാമനഗര, മംഗളൂരു, തുമകുരു എന്നിവിടങ്ങളിൽ നിന്ന് ശേഖരിച്ച സാമ്പിളുകളാണ് ബെംഗളൂരുവിലെ ശ്രീറാം റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധിച്ചത്.

പരിശോധനയിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ഒരു സാമ്പിളിൽ 31.2 ശതമാനവും ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ സാമ്പിളിൽ 30.5 ശതമാനവും എഥനോൾ കണ്ടെത്തിയെന്നാണ് സർക്കാർ പറയുന്നത്. ഇതേ കമ്പനിയുടെ മറ്റൊരു സാമ്പിളിൽ 27 ശതമാനവും ബി.പി.സി.എൽ സ്പീഡ് പെട്രോളിൽ 26.5 ശതമാനവും നയാര പെട്രോളിൽ 26.1 ശതമാനവും ഷെൽ പെട്രോളിൽ 25.5 ശതമാനവും എഥനോൾ സാന്നിധ്യം കണ്ടെത്തിയതായും റിപ്പോർട്ടിൽ പറയുന്നു.

ചില സാമ്പിളുകളിൽ 13.5 ശതമാനം മുതൽ 20.6 ശതമാനം വരെയാണ് എഥനോൾ സാന്നിധ്യം. അതേസമയം, ഐ.ഒ.സി.എൽ, ബി.പി.സി.എൽ കമ്പനികളുടെ സ്വന്തം ലബോറട്ടറി റിപ്പോർട്ടുകളിൽ എഥനോളിന്റെ അളവ് വ്യക്തമാക്കിയിട്ടില്ലെന്നും സർക്കാർ ആരോപിച്ചു.

അനുവദനീയമായതിലും കൂടുതൽ എഥനോൾ കലർത്തുന്നത് വാഹനങ്ങളുടെ മൈലേജ് കുറയ്ക്കുന്നതിനും ഇന്ധന പമ്പുകൾ, ഇൻജക്ടറുകൾ, ഫിൽട്ടറുകൾ, ഹോസുകൾ, സീലുകൾ തുടങ്ങിയ ഭാഗങ്ങൾക്ക് കേടുപാടുകൾ വരുത്തുന്നതിനും കാരണമാകുമെന്ന് സർക്കാർ ചൂണ്ടിക്കാട്ടുന്നു.

എണ്ണക്കമ്പനികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും ബാധിക്കപ്പെട്ട ഉപഭോക്താക്കൾക്ക് നഷ്ടപരിഹാരം നൽകണമെന്നും പെട്രോൾ പമ്പുകളിൽ എഥനോൾ മിശ്രിതത്തിന്റെ ശതമാനം നിർബന്ധമായും പ്രദർശിപ്പിക്കണമെന്നും കർണാടക സർക്കാർ ആവശ്യപ്പെട്ടു.

Related news

ഒപ്പം താമസിച്ചിരുന്ന പെൺസുഹൃത്തിനെ ക്രൂരമായി മർദ്ദിച്ച ക്രിമിനൽ കേസ് പ്രതി ‘തോക്ക് ഷാജി’ അറസ്റ്റിൽ

ഒപ്പം താമസിച്ചിരുന്ന പെൺസുഹൃത്തിനെ ക്രൂരമായി മർദ്ദിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച ക്രിമിനൽ കേസ്...

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്രസർക്കാർ

സോഷ്യൽ മീഡിയയിൽ ഉപയോക്താക്കൾ പങ്കുവെക്കുന്ന ഉള്ളടക്കങ്ങളുടെ പേരിൽ പ്ലാറ്റ്‌ഫോം കമ്പനികളെയും നേരിട്ട്...

അമേരിക്കൻ തിരഞ്ഞെടുപ്പ് ഫലം; ട്രംപിനെ പരിഹസിച്ച് അഭിജീത് ദീപ്‌കെ

അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് തിരിച്ചടി നേരിട്ടതിന് പിന്നാലെ പ്രസിഡന്റ്...

അനിൽ അംബാനി ഗ്രൂപ്പിന് വീണ്ടും തിരിച്ചടി; 510 കോടിയിലധികം രൂപയുടെ ആസ്തികൾ കണ്ടുകെട്ടി ഇ.ഡി

ന്യൂഡൽഹി: വ്യവസായി അനിൽ അംബാനിയുമായി ബന്ധമുള്ള കമ്പനികളുടെ 510 കോടിയിലധികം രൂപയുടെ...