കോഴിക്കോട് സ്കൂൾ വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറുകയും നഗ്നതാ പ്രദർശനം നടത്തുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. കല്ലായി കോതി ബീച്ച് സ്വദേശി അൻഷാദ് (33) ആണ് ബേപ്പൂർ പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ 28-ാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം. രാവിലെ സ്കൂളിലേക്ക് പോവുകയായിരുന്ന വിദ്യാർത്ഥിനിയെ കുണ്ടായിത്തോട് ഓവുപാലത്തിന് സമീപം വെച്ച് പ്രതി പിന്തുടരുകയായിരുന്നു. വഴി ചോദിക്കാനെന്ന വ്യാജേന വിദ്യാർത്ഥിനിയെ സമീപിച്ച ഇയാൾ അപമര്യാദയായി പെരുമാറി. ഭയന്നുപോയ കുട്ടിയെ വീണ്ടും പിന്തുടർന്ന പ്രതി ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് നഗ്നതാ പ്രദർശനവും നടത്തി.
പരാതി ലഭിച്ചതോടെ അന്വേഷണം ഊർജിതമാക്കിയ പോലീസ് നാൽപ്പതോളം സി.സി.ടി.വി ദൃശ്യങ്ങളും നൂറിലധികം വാഹനങ്ങളും പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. മൂന്ന് ദിവസത്തിനകം പ്രതിയെ കണ്ടെത്തിയ പോലീസ്, നിലവിൽ താമസിക്കുന്ന പെരുമണ്ണ പാറമ്മൽ ഭാഗത്തുനിന്നാണ് കസ്റ്റഡിയിലെടുത്തത്.
ബേപ്പൂർ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർമാരായ ജെയിൻ, മുഹമ്മദ് സബീർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഹാജിറ, നിധിൻ തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.




