ഡൽഹി: വാട്സ്ആപ്പ് അക്കൗണ്ടിന് വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി കോക്രോച്ച് ജനതാ പാർട്ടി (CJP) സഹകൺവീനർ സൗരവ് ദാസ്. ഇതോടെ പുതിയ സന്ദേശങ്ങൾ അയക്കാൻ കഴിയുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു.
എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് സൗരവ് ദാസ് ഇക്കാര്യം അറിയിച്ചത്. തന്റെ വാട്സ്ആപ്പ് അക്കൗണ്ട് നിയന്ത്രിക്കപ്പെട്ടിരിക്കുകയാണെന്നും ആർക്കും സന്ദേശങ്ങൾ അയക്കാൻ കഴിയുന്നില്ലെന്നും അദ്ദേഹം കുറിച്ചു. എന്തുകൊണ്ടാണ് ഇത്തരമൊരു നടപടി ഉണ്ടായതെന്ന് വ്യക്തമല്ലെന്നും ദാസ് പറഞ്ഞു.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് തന്റെ വാട്സ്ആപ്പ് അക്കൗണ്ടിന് നിയന്ത്രണം ഏർപ്പെടുത്തിയതായി ദാസ് ആരോപിക്കുന്നത്. ഒക്ടോബർ 22-നും അക്കൗണ്ട് ബ്ലോക്ക് ചെയ്തതായി അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.
മറ്റൊരു എക്സ് പോസ്റ്റിലൂടെ, ആരുടെ നിർദേശപ്രകാരമാണ് അക്കൗണ്ടിനെതിരെ നടപടി സ്വീകരിച്ചതെന്ന് വാട്സ്ആപ്പിനോട് ദാസ് ചോദിച്ചു. സി.ജെ.പിയുടെ ‘കോക്രോച്ച് ഈസ് ബാക്ക്’ എന്ന എക്സ് അക്കൗണ്ടും സമാനമായ ആരോപണം ഉന്നയിച്ചു. തങ്ങളുടെ വാട്സ്ആപ്പ് അക്കൗണ്ടുകൾ മെറ്റ നിയന്ത്രിക്കുകയാണോ എന്ന സംശയവും പാർട്ടി പങ്കുവെച്ചു.




