വാടാനപ്പള്ളിയിൽ യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയ കേസ്; ഒളിവിലായിരുന്ന മുഖ്യപ്രതികൾ പിടിയിൽ

തൃശൂർ: വാടാനപ്പള്ളി ഫസൽ നഗറിൽ യുവാവിനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ കേസിൽ ഒളിവിലായിരുന്ന മുഖ്യപ്രതികൾ അറസ്റ്റിൽ. വാടാനപ്പള്ളി ബീച്ച് സ്വദേശി പടിയത്ത് വീട്ടിൽ ബിൻഷാദ് (38), ഗണേശമംഗലം സ്വദേശി അറക്ക വീട്ടിൽ റയീസ് (23) എന്നിവരെയാണ് തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി മുഹമ്മദ് നദീമിന്റെ നിർദേശപ്രകാരം പ്രത്യേക അന്വേഷണസംഘം പാലക്കാട് പട്ടാമ്പിയിലെ ഒളിത്താവളത്തിൽനിന്ന് പിടികൂടിയത്. സംഭവത്തിനുശേഷം പ്രതികൾക്ക് രക്ഷപ്പെടാൻ സഹായം നൽകിയ വാടാനപ്പള്ളി ഗണേശമംഗലം സ്വദേശി ഇരിങ്ങാത്തുരുത്തി വീട്ടിൽ ആൽവിൻഷാ (28)യെയും പൊലീസ് അറസ്റ്റ് ചെയ്തു.

വാടാനപ്പള്ളി ഫസൽ നഗർ ബീച്ച് സ്വദേശി രായംമരക്കാർ വീട്ടിൽ അബ്ദുൽസലാം (40) ആണ് കൊല്ലപ്പെട്ടത്. ഒക്ടോബർ ഏഴിന് രാവിലെ ആറുമണിയോടെ ഫസൽ നഗറിലെ പറമ്പിൽ അബ്ദുൽസലാമിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ശരീരത്തിൽ മുറിപ്പാടുകൾ കണ്ടെത്തിയതിനെ തുടർന്ന് മരണത്തിൽ സംശയം പ്രകടിപ്പിച്ച് ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിൽ വാടാനപ്പള്ളി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സംഭവത്തിന്റെ തലേദിവസം രാത്രി ഫസൽ നഗർ ബീച്ചിലെ ആൾത്താമസമില്ലാത്ത വീട്ടിൽ അബ്ദുൽസലാം ബിൻഷാദിനും മറ്റ് കൂട്ടാളികൾക്കും രണ്ട് കുട്ടികൾക്കുമൊപ്പം ഉണ്ടായിരുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിൽ ഒരു പ്രതിയെയും രണ്ട് വിദ്യാർഥികളെയും നേരത്തേ പിടികൂടിയിരുന്നു. തുടർന്നുള്ള ഊർജിത അന്വേഷണത്തിനൊടുവിലാണ് ഒളിവിലായിരുന്ന മുഖ്യപ്രതികളായ ബിൻഷാദിനെയും റയീസിനെയും പട്ടാമ്പിയിൽനിന്ന് അറസ്റ്റ് ചെയ്തത്.

വാടാനപ്പള്ളി പൊലീസ് സ്റ്റേഷനിലെ റൗഡി പട്ടികയിൽ ഉൾപ്പെട്ടയാളാണ് ബിൻഷാദ്. വാടാനപ്പള്ളി, വടക്കേക്കാട്, ചേർപ്പ്, കാട്ടൂർ, ചാവക്കാട്, കുറ്റിപ്പുറം എന്നീ പൊലീസ് സ്റ്റേഷനുകളിലായി പ്രായപൂർത്തിയാകാത്ത കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കൽ, കവർച്ച, വധശ്രമം, അടിപിടി, മയക്കുമരുന്ന് കച്ചവടം തുടങ്ങിയ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട 37ഓളം കേസുകളിൽ ഇയാൾ പ്രതിയാണ്.

കാപ്പ നിയമപ്രകാരം 2022ൽ ആറുമാസവും 2025ൽ ഒരു വർഷവും ബിൻഷാദ് കരുതൽ തടങ്കലിൽ കഴിഞ്ഞിട്ടുണ്ട്. വാടാനപ്പള്ളി പൊലീസ് സ്റ്റേഷനിൽ 2020ൽ രജിസ്റ്റർ ചെയ്ത വധശ്രമക്കേസിൽ ഏഴര വർഷം തടവുശിക്ഷ ലഭിച്ചിരുന്ന ഇയാൾ, ജയിലിൽ കഴിയുന്നതിനിടെ കോടതിയിൽനിന്ന് അപ്പീൽ ജാമ്യം നേടി പുറത്തിറങ്ങിയ ശേഷവും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടുവെന്നാണ് പൊലീസ് പറയുന്നത്.

വാടാനപ്പള്ളി പൊലീസ് സ്റ്റേഷൻ പരിധിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമിക്കുകയും പണവും മൊബൈൽ ഫോണും കവർച്ച ചെയ്യുകയും ചെയ്ത കേസിലും എം.ഡി.എം.എയുമായി അറസ്റ്റിലായ കേസിലും റയീസ് പ്രതിയാണ്.

കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി ആർ. രതീഷ് കുമാർ, വലപ്പാട് സി.ഐ പി.കെ. പത്മരാജൻ, വാടാനപ്പള്ളി എസ്.എച്ച്.ഒ എസ്.ഐ ഉമേഷ്, ജി.എസ്.ഐ അസീസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. തൃശൂർ റൂറൽ ഷാഡോ പൊലീസ് ഉദ്യോഗസ്ഥരായ മിഥുൻ ആർ. കൃഷ്ണ, പ്രണവ്, ശരത് എന്നിവരും പാലക്കാട് ജില്ലയിലെ പട്ടാമ്പി, ഷൊർണൂർ, ഒറ്റപ്പാലം പൊലീസ് സ്റ്റേഷനുകളിലെ ജി.എസ്.സി.പി.ഒമാരായ ബിജുമോൻ, റിയാസ്, സജീഷ്, മിജേഷ്, ഹരിപ്രസാദ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.

Related news

തിരുവനന്തപുരം മൃഗശാലയിൽ വീണ്ടും ‘ചാട്ടം’; കൂട്ടിൽനിന്ന് പുറത്തുചാടിയ ഹനുമാൻ കുരങ്ങ് മരത്തിന് മുകളിൽ?

തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ഹനുമാൻ കുരങ്ങ് കൂട്ടിൽനിന്ന് പുറത്തുചാടി. ഇന്ന് രാവിലെ ഒൻപത്...

പമ്പയിൽ വസ്ത്രങ്ങൾ ഉപേക്ഷിച്ചാൽ 5,000 രൂപ വരെ പിഴ; നിരോധനം കർശനമാക്കി

ശബരിമല: പമ്പ നദിയിലും സ്നാനഘട്ടങ്ങളിലും വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നതിന് കർശന നിരോധനം ഏർപ്പെടുത്തി....

ഇടിവിന് പിന്നാലെ സ്വർണവിലയിൽ വൻ തിരിച്ചുവരവ്; പവന് 1,080 രൂപ കൂടി

തിരുവനന്തപുരം: തുടർച്ചയായ വിലയിടിവിന് പിന്നാലെ സംസ്ഥാനത്ത് സ്വർണവിലയിൽ വൻ തിരിച്ചുവരവ്. ഇന്ന്...

സി.വി. ധനരാജ് വധക്കേസ്: മൂന്ന് പ്രതികൾ കുറ്റക്കാർ; 16 പേരെ വെറുതെ വിട്ടു

കണ്ണൂർ: പയ്യന്നൂർ സി.വി. ധനരാജ് വധക്കേസിൽ മൂന്ന് പ്രതികൾ കുറ്റക്കാരെന്ന് കോടതി....

കേരളത്തിൽ മഴ ശക്തമാകും; മൂന്ന് ദിവസം വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ...