മുംബൈ: വിവിധ വായ്പകൾ എടുത്തവർക്കു തിരിച്ചടി. റിസർവ് ബാങ്ക് റിപ്പോ നിരക്ക് ഉയർത്തി. നിലവിലെ 5.25 ശതമാനത്തിൽ നിന്ന് റിപ്പോ നിരക്ക് 5.5 ശതമാനമായാണ് ഉയർത്തിയത്.
തീരുമാനം റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് ഉയർന്നതോടെ ഭവന, വാഹന വായ്പകൾ ഉൾപ്പെടെയുള്ള വായ്പകളുടെ പലിശ നിരക്കിലും വർധനയ്ക്ക് സാധ്യതയുണ്ട്.
2023 ഫെബ്രുവരിയിലാണ് ആർബിഐ അവസാനമായി റിപ്പോ നിരക്ക് വർധിപ്പിച്ചത്. അന്ന് 25 ബേസിസ് പോയിന്റ് വർധിപ്പിച്ച് റിപ്പോ നിരക്ക് 6.5 ശതമാനമാക്കിയിരുന്നു. തുടർന്ന് 2025ൽ നിരക്ക് കുറയ്ക്കുന്നതുവരെ 2023-24 കാലയളവിൽ നിരക്കുകളിൽ മാറ്റമുണ്ടായിരുന്നില്ല.
ആഗോളതലത്തിൽ പണപ്പെരുപ്പം ഉയരാൻ സാധ്യതയുണ്ടെന്നാണ് ആർബിഐ വിലയിരുത്തൽ. വ്യാപാര മേഖലയിൽ അനിശ്ചിതത്വം തുടരുന്നതും ആഗോള വിപണികളിലെ ദുർബലമായ പ്രവണതകളും കണക്കിലെടുത്താണ് തീരുമാനമെന്ന് ഗവർണർ സഞ്ജയ് മൽഹോത്ര വ്യക്തമാക്കി.
ഇറാൻ യുദ്ധത്തിന്റെ ആഘാതം ആഗോള വ്യാപാരത്തെയും വിതരണ ശൃംഖലകളെയും ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആഗോള സാഹചര്യങ്ങൾ ഉൾപ്പെടെ വിവിധ ഘടകങ്ങൾ പരിഗണിച്ച ശേഷമാണ് റിപ്പോ നിരക്ക് ഉയർത്താനുള്ള തീരുമാനത്തിലെത്തിയതെന്നും ആർബിഐ ഗവർണർ വ്യക്തമാക്കി.




