ഒടിടിയിലെത്തിയിട്ടും തിയേറ്ററുകളിലെ ആവേശത്തിന് കുറവില്ല. നിവിൻ പോളിയും മമിത ബൈജുവും പ്രധാന വേഷങ്ങളിലെത്തിയ ഗിരീഷ് എ.ഡി. ചിത്രം ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ തിയേറ്ററുകളിൽ ജനപ്രവാഹം തുടരുകയാണ്.
300 കോടി നേട്ടം സ്വന്തമാക്കിയതിന് പിന്നാലെയാണ് ചിത്രം ഒടിടിയിലും റിലീസ് ചെയ്തത്. എന്നാൽ ഒടിടി റിലീസിന് ശേഷവും തിയേറ്ററുകളിലെ തിരക്ക് കുറയാത്തതാണ് ശ്രദ്ധേയമാകുന്നത്.
സാധാരണയായി ഒടിടിയിൽ ചിത്രം എത്തുന്നതോടെ തിയേറ്ററുകളിലെ പ്രേക്ഷക തിരക്ക് കുറയാറാണ് പതിവ്. എന്നാൽ ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ ഈ പതിവ് തിരുത്തുകയാണ്.
ഒടിടിയിൽ ചിത്രം കണ്ട പ്രേക്ഷകർ പോലും ബിഗ് സ്ക്രീനിലെ ആഘോഷവും തിയേറ്റർ എക്സ്പീരിയൻസും വീണ്ടും ആസ്വദിക്കാനായി കുടുംബസമേതം തിയേറ്ററുകളിലേക്ക് എത്തുന്നതായാണ് റിപ്പോർട്ട്.
നാൽപ്പതോളം തിയേറ്ററുകളിൽ ചിത്രം ഇപ്പോഴും പ്രദർശനം തുടരുകയാണ്. പ്രധാന നഗരങ്ങളിലെ മൾട്ടിപ്ലെക്സുകളിലും മറ്റ് കേന്ദ്രങ്ങളിലും ഹൗസ് ഫുൾ ബോർഡുകളും തുടരുന്നു.
നിവിൻ പോളി–മമിത ബൈജു കോമ്പോയുടെ ഫ്രഷ് ലുക്കും പ്രകടനവും ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. തമാശയും പ്രണയവും ഫീൽഗുഡ് മുഹൂർത്തങ്ങളും നിറഞ്ഞ ചിത്രം കുടുംബ പ്രേക്ഷകരെയും വലിയ രീതിയിൽ ആകർഷിക്കുന്നുണ്ട്.
സോഷ്യൽ മീഡിയയിലും റീലുകളിലും ചിത്രത്തിലെ പാട്ടുകളും കോമഡി രംഗങ്ങളും തരംഗമായതോടെ റിപ്പീറ്റ് വാച്ചിനും വർധനയുണ്ടായി.
ഒടിടിയിൽ വീട്ടിലിരുന്ന് ചിത്രം കണ്ടവരും തിയേറ്ററിലെ ആൾക്കൂട്ടത്തിനിടയിൽ ബിഗ് സ്ക്രീനിൽ സിനിമ ആസ്വദിക്കാൻ വീണ്ടും എത്തുന്നു.
മലയാള സിനിമയിൽ അടുത്തകാലത്ത് അപൂർവമായി മാത്രം കണ്ട ഈ തിയേറ്റർ പ്രതികരണം സിനിമാ മേഖലയ്ക്കും വലിയ ആവേശമാണ് നൽകുന്നത്.
ഭാവന സ്റ്റുഡിയോസ് നിർമിച്ച ‘ബെത്ലഹേം കുടുംബ യൂണിറ്റ്’, ഒടിടി റിലീസിന് ശേഷവും തിയേറ്ററുകളിൽ പ്രേക്ഷക പിന്തുണ നിലനിർത്തിക്കൊണ്ട് പ്രദർശനം തുടരുകയാണ്.




