കോഴിക്കോട്: കുറ്റ്യാടിയിൽ ജലസേചന വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തുനിന്ന് 15-ഓളം തേക്ക് മരങ്ങൾ അജ്ഞാതർ മുറിച്ചുകടത്തി. മരുതോങ്കര പഞ്ചായത്തിലെ മുണ്ടക്കുറ്റിയിലാണ് സംഭവം.
കുറ്റ്യാടി ജലസേചന പദ്ധതിയുടെ അധീനതയിലുള്ള കനാൽ പരിസരത്തെ മരങ്ങളാണ് മോഷണം പോയത്. 20 വർഷത്തിലേറെ പഴക്കമുള്ള മരങ്ങളാണ് മുറിച്ചുകടത്തിയത്.
സാമൂഹിക വനവൽകരണ പദ്ധതിയുടെ ഭാഗമായി മണ്ണൊലിപ്പ് തടയുന്നതിനായി നട്ടുപിടിപ്പിച്ച മരങ്ങളായിരുന്നു ഇവ. ജലസേചന വകുപ്പ് അധികൃതരുടെ പരാതിയിൽ തൊട്ടിൽപ്പാലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രദേശത്തേക്ക് കൃത്യമായ റോഡ് സൗകര്യമില്ലാത്തതിനാൽ മോഷ്ടാക്കൾ മരങ്ങൾ എങ്ങനെയാണ് ഇവിടെനിന്ന് കടത്തിയതെന്നതും പൊലീസ് പരിശോധിക്കുന്നുണ്ട്. മുണ്ടക്കുറ്റി–പശുക്കടവ് റോഡിൽനിന്ന് ഏകദേശം 50 മീറ്റർ മാറിയാണ് മരം മുറിച്ച സ്ഥലം.
മരം മുറിക്കുന്നതിനും കടത്തുന്നതിനും പിന്നിൽ സംഘടിത സംഘമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രതികളെ കണ്ടെത്തുന്നതിനായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.




