രണ്ട് വർഷത്തോളം താൻ നാർസിസിസ്റ്റിക് അബ്യൂസ് നേരിട്ടെന്നും ഇപ്പോൾ അതിൽ നിന്ന് സുഖം പ്രാപിച്ചുവരികയാണെന്നും നടി അനുപമ പരമേശ്വരൻ. നാർസിസിസ്റ്റിക് അബ്യൂസ് എത്രത്തോളം ഭീകരമാണെന്ന് വ്യക്തമാക്കുന്ന അനുപമയുടെ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുകയാണ്.
തന്റെ സമൂഹമാധ്യമ ഹാൻഡിലുകളിലൂടെ പങ്കുവച്ച അഭിമുഖത്തിലാണ് അനുപമ താൻ കടന്നുപോയ അനുഭവങ്ങൾ തുറന്നുപറഞ്ഞത്. തന്നെപ്പോലെ നാർസിസിസ്റ്റിക് അബ്യൂസ് നേരിട്ടവർക്കും ഇപ്പോഴും ഇത്തരം അനുഭവങ്ങളിലൂടെ കടന്നുപോകുന്നവർക്കും വേണ്ടിയാണ് തുറന്നുസംസാരിക്കുന്നതെന്നും അനുപമ പറഞ്ഞു.
ഒരു നാർസിസിസ്റ്റുമായുള്ള ബന്ധം വ്യക്തിയുടെ വ്യക്തിത്വത്തെയും ജോലിയെയും മറ്റ് ബന്ധങ്ങളെയും ബാധിക്കുമെന്ന് അനുപമ പറയുന്നു. സ്നേഹിക്കപ്പെടുന്നുവെന്നും പരിഗണിക്കപ്പെടുന്നുവെന്നും തോന്നിപ്പിച്ചാണ് ഇത്തരം ആളുകൾ ജീവിതത്തിലേക്ക് കടന്നുവരുന്നത്. പിന്നീട് വളരെ പതുക്കെ നിയന്ത്രണം സ്ഥാപിക്കുകയാണെന്നും അനുപമ പറഞ്ഞു.
ആദ്യഘട്ടത്തിൽ വസ്ത്രധാരണത്തെക്കുറിച്ചുള്ള ചെറിയ അഭിപ്രായങ്ങളിൽ തുടങ്ങുന്ന നിയന്ത്രണം പിന്നീട് രൂക്ഷമാകും. ഈ നിയന്ത്രണം കാരണം താൻ ജോലിയിൽ അൺപ്രൊഫഷണൽ ആകാൻ തുടങ്ങിയെന്നും സ്വന്തം അനിയനോട് സ്നേഹം പ്രകടിപ്പിക്കാൻ പോലും ഭയപ്പെട്ടിരുന്നുവെന്നും അനുപമ വെളിപ്പെടുത്തി.
പാനിക് അറ്റാക്കുകൾ സ്ഥിരമായി അനുഭവപ്പെട്ടെന്നും സംസാരിക്കാനുള്ള ഭയം കാരണം മൗനം പാലിക്കാൻ തുടങ്ങിയെന്നും നടി പറഞ്ഞു. അത് ഭീകരമായ അവസ്ഥയായിരുന്നുവെന്നും അനുപമ വ്യക്തമാക്കി.
ആരോഗ്യകരമായ ബന്ധം നമ്മളെ വളരാൻ സഹായിക്കും. എന്നാൽ ഇത്തരം ടോക്സിക് ബന്ധങ്ങൾ വ്യക്തിയുടെ ചൈതന്യം നശിപ്പിക്കുമെന്നും അനുപമ പറഞ്ഞു. നാർസിസിസ്റ്റിക് അബ്യൂസിന്റെ ആഘാതം എല്ലായ്പ്പോഴും പുറമേ പ്രകടമാകണമെന്നില്ലെന്നും അത് വൈകാരിക തലത്തിൽ ആഴത്തിൽ സംഭവിക്കുന്നതിനാൽ തിരിച്ചറിയാൻ വൈകുമെന്നും അവർ കൂട്ടിച്ചേർത്തു.
നാർസിസിസ്റ്റിക് അബ്യൂസിന് ലിംഗഭേദമില്ലെന്നും ഇത് സ്ത്രീകൾ മാത്രം ഉന്നയിക്കുന്ന ആരോപണമല്ലെന്നും അനുപമ പറഞ്ഞു. ഇത്തരം ട്രോമാ ബോണ്ടിങ്ങിൽ നിന്ന് പുറത്തുകടക്കുന്നത് എളുപ്പമല്ലെന്നും അവർ വ്യക്തമാക്കി.
അതേസമയം, ഉയർന്ന നിലയിലുള്ള ആളുകളെ തേടിപ്പിടിക്കുന്ന ഗോൾഡ് ഡിഗ്ഗറാണ് താനെന്ന വിമർശനങ്ങൾക്കും അനുപമ മറുപടി നൽകി. ബന്ധത്തിന്റെ തുടക്കത്തിൽ തന്നെ വിവാഹനിശ്ചയത്തിന് ശ്രമം നടന്നപ്പോൾ താനാണ് അതിൽ നിന്ന് പിന്മാറിയതെന്ന് നടി പറഞ്ഞു. വിവാഹം നടന്നിരുന്നെങ്കിലും പിന്നീട് വിവാഹമോചനം നേടേണ്ടി വന്നേനെയെന്നും അനുപമ കൂട്ടിച്ചേർത്തു.




