മലപ്പുറം: ജില്ലയിലെ അനധികൃത ചെങ്കൽ, കരിങ്കൽ ക്വാറികൾക്കും അനുമതിയില്ലാത്ത മണ്ണെടുപ്പിനുമെതിരെ കർശന നടപടി സ്വീകരിക്കാൻ തീരുമാനം. കളക്ടറേറ്റിൽ ചേർന്ന വിവിധ വകുപ്പുകളുടെ അടിയന്തര യോഗത്തിലാണ് തീരുമാനം.
മലപ്പുറം-വേങ്ങര റോഡിൽ പാണക്കാട് അടുത്തിടെ ഉണ്ടായ ശക്തമായ മണ്ണിടിച്ചിലിന്റെ പശ്ചാത്തലത്തിലാണ് ജിയോളജി, പഞ്ചായത്ത്, പൊലീസ്, റവന്യൂ, ഫയർ ആൻഡ് റെസ്ക്യൂ വകുപ്പുകളുടെ സംയുക്ത യോഗം ചേർന്നത്.
നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ക്വാറികൾ കണ്ടെത്തുന്നതിനും പെർമിറ്റില്ലാതെ കുന്നിടിച്ചും മണ്ണെടുത്തുമുള്ള നിർമ്മാണ പ്രവർത്തനങ്ങൾ തടയുന്നതിനുമായി പ്രത്യേക പരിശോധനാ സംഘത്തെ നിയോഗിക്കും. ജിയോളജി, പൊലീസ്, റവന്യൂ വകുപ്പുകളിലെ ഉദ്യോഗസ്ഥർ സംഘത്തിലുണ്ടാകും.
അനധികൃത ക്വാറി ഉൽപ്പന്നങ്ങളുടെ കടത്ത് തടയുന്നതിനായി പ്രധാന മേഖലകളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ചെക്ക് പോസ്റ്റുകൾ സ്ഥാപിക്കാനും തീരുമാനമായി. പൊലീസ്, റവന്യൂ, പഞ്ചായത്ത് ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന സംഘമാണ് പരിശോധന നടത്തുക.
ക്വാറി ഉൽപ്പന്നങ്ങളുമായി എത്തുന്ന ടിപ്പർ ലോറികൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ ചെക്ക് പോസ്റ്റുകളിൽ കർശന പരിശോധനയ്ക്ക് വിധേയമാക്കും.
അതേസമയം, അപകട സാധ്യത ഉയർത്തുന്ന രീതിയിൽ സംസ്ഥാന-ദേശീയ പാതകളുടെ വശങ്ങളിലുള്ള കയ്യേറ്റങ്ങൾ കണ്ടെത്തി അടിയന്തരമായി ഒഴിപ്പിക്കാനും യോഗത്തിൽ തീരുമാനിച്ചു.




