തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വടക്കൻ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.
പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ള ജില്ലകളിലെ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
അതേസമയം, നാളെ സംസ്ഥാനത്തെ 10 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പശ്ചിമ ബംഗാളിനും ബംഗ്ലാദേശിനും മുകളിലായി നിലനിൽക്കുന്ന ചക്രവാതച്ചുഴി വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദമായി ശക്തിപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കേരള തീരത്ത് ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.




